ന്യൂദല്‍ഹി: സെൻകുമാർ കേസില്‍ സർക്കാരിന് കനത്ത തിരിച്ചടി. വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സർക്കാർ ഫയൽ ചെയ്ത ഹർജി സുപ്രീം കോടതി തള്ളി. കൂടാതെ കോടതി ചെലവായി 25,000 രൂപ പിഴയും അടയ്‌ക്കണം.
പിഴ അടപ്പിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചുവെങ്കിലും അതും കോടതി തള്ളി. സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനുപുറമേ നിയമനം വൈകുന്നതില്‍ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം തേടി കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു.
തല്‍ക്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാക്കേണ്ടെന്ന് വ്യക്തമാക്കിയ കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്ന് അറിയാമെന്നും വ്യക്തമാക്കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഏപ്രില്‍ 24നാണ് ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്ക് പുനര്‍ നിയമിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടത്. വിധി പുറത്ത് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല, ചീഫ് സെക്രട്ടറി നളിനി നെറ്റോ ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നുമാണ് സെന്‍കുമാറിന്റെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചത്.
സെന്‍കുമാറിന്റെ സര്‍വ്വീസ് കാലാവധി ജൂണ്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍, അടിയന്തരമായി വിധി നടപ്പിലാക്കാന്‍ ഉത്തരവിടണമെന്നും, നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും സെന്‍കുമാറിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: