തിരുവനന്തപുരം: സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പോലീസ് മേധാവിയായി ഉടന്‍ ടി.പി. സെൻകുമാറിനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായിയുടെ ധാർഷ്ട്യത്തിനുള്ള മറുപടിയാണ് കോടതി വിധി. ഇതു പോലെ ഒരു സാഹചര്യം കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി അലക്ഷ്യത്തിനുള്ള തുക സ്വന്തം കീശയിൽ നിന്നും മുഖ്യമന്ത്രി അടക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ധാർമ്മികത ഉണ്ടങ്കിൽ മുഖ്യമന്ത്രി രാജി വച്ച് പുറത്തു പോകണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ പോലീസ് മേധാവി ആരാണെന്നു പറയാതെ കഴിഞ്ഞ പത്തു ദിവസമായി സർക്കാർ ഉരുണ്ടുകളിക്കുകയാണ്. ആരാണ് പോലീസ് മേധാവിയെന്ന് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ല. സർക്കാർ വളഞ്ഞ മാർഗത്തിലൂടെ സെൻകുമാറിന്റെ നിയമനം തടസപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിയത്.
സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി വായിച്ച് വ്യക്തതയില്ലെന്നു പറഞ്ഞാൽ അവർക്ക് എന്തോ കുഴപ്പമുണ്ട്. ഇനി എന്തു വ്യക്തതയാണ് വരുത്തേണ്ടതെന്നു മനസ്സിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോടു പറഞ്ഞു.
















