പട്ന: പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം കാണാനില്ല. ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. എലികള്‍ വന്‍തോതില്‍ മദ്യം കുടിച്ചുതീര്‍ത്തുവെന്നാണ് ഇതേക്കുറിച്ച് പോലീസ് നല്‍കിയ വിശദീകരണം.
സമ്പൂര്‍ണ മദ്യനിരോധനമുള്ള ബീഹാറില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചവരില്‍ നിന്ന് പിടികൂടി പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായത്. മദ്യം കാണാതായതിനെക്കുറിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രസകരവും ഏറെ വിചിത്രവുമായ മറുപടി പോലീസുകാര്‍ നല്‍കിയത്.
കുറേ മദ്യക്കുപ്പികള്‍ നശിച്ചുപോയതായും ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലികളുണ്ടെന്നും അവ വന്‍തോതില്‍ മദ്യം കുടിച്ചുതീര്‍ത്തതായും പോലീസ് അധികൃതര്‍ പറയുന്നു.
എന്നാല്‍ ഈ വിശദീകരണങ്ങളില്‍ തൃപ്തരല്ല സംസ്ഥാനത്തെ പോലീസ് മേധാവികള്‍. അതുകൊണ്ട് പട്ന മേഖലാ ഐജിയുടെ നേതൃത്വത്തില്‍ വിശദമായ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മദ്യം കടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എഡിജിപി എസ്. കെ. സിംഗാള്‍ പറഞ്ഞു.
















