തിരുവനന്തപുരം: സിപിഎമ്മിനെ തൊട്ടാലെന്തെന്നു കെ.എം. മാണി; പിന്നില്‍ നിന്നു കുത്തിയ കെ.എം. മാണിയോട് ഇനി സഹകരിക്കാനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്. ഇതോടെ മാണിയും കോണ്‍ഗ്രസുമായുള്ള അകല്‍ച്ച പൂര്‍ണം.
സിപിഎമ്മിനോട് അസ്പര്‍ശ്യതയില്ലെന്നു പറഞ്ഞ മാണി കോണ്‍ഗ്രസിന് അത് പറയാന്‍ ധാര്‍മ്മികതയില്ലെന്നും ചൂണ്ടിക്കാട്ടി. ഏ.കെ. ആന്റണിയും താനും ഇടതു ഭരണത്തില്‍ പങ്കാളിയായതു ചൂണ്ടിക്കാട്ടിയായിരുന്നു മാണിയുടെ പത്രസമ്മേളനം. കോട്ടയം സംഭവം പ്രാദേശിക വിഷയമെന്ന് ന്യായീകരിച്ച മാണി, കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. തങ്ങളെ വേണ്ടാത്തവരെ തങ്ങള്‍ക്കും വേണ്ടെന്നാണ് മാണി തുറന്നടിച്ചത്.
സിപിഎമ്മിന്റെ പേരില്‍ കേരള കോണ്‍ഗ്രസിനെ ആരും ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ പോവുമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍, കോട്ടയം വിഷയത്തിന്റെ പേരില്‍ അഹങ്കാരം പറഞ്ഞാല്‍ ഉള്ള ബന്ധം മോശമാകും. കോട്ടയം സംഭവം താന്‍ അറിഞ്ഞില്ല. സൂചനകള്‍ ഉണ്ടായിരുന്നു. സംഭവം നിര്‍ഭാഗ്യകരമാണ്. അത്തരമൊരു തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നില്ല. എന്നാല്‍, തങ്ങളെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയുമാണ് ഡിസിസി ചെയ്തത്. അതിന്റെ സ്വാഭാവിക പ്രതികരണമായി സംഭവിച്ചതാണ്.
ജോസ് കെ. മാണിയാണ് ധാരണയ്‌ക്ക് പിന്നിലെന്ന് പറയുന്നവര്‍ക്ക് അജണ്ടയുണ്ട്. മാണിയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ കഴിയില്ല. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ ചെന്നാല്‍ സിപിഐക്ക് സൗകര്യങ്ങള്‍ കുറയും അതാണ് സിപിഐയെ ഭയപ്പെടുത്തുന്നത്, മാണി പറഞ്ഞു.
മാണിയുടെ പ്രസ്താവന ആത്മവഞ്ചനയാണെന്നും നെറികേടു കാണിക്കുന്നവരോട് ഇനി സഹകരിക്കാനില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു. മാണിയും ജോസ് കെ. മാണിയും അറിഞ്ഞുകൊണ്ടാണ് കോട്ടയത്ത് കൊലച്ചതി ചെയ്തത്.
ബജറ്റ് സമയത്ത് കണ്ണിലെ കൃഷ്ണമണിപോലെയാണ് മാണിയെ കാത്തത്. അതിന് ബലിയാടായത് കോണ്‍ഗ്രസാണ്. യുഡിഎഫില്‍ നിന്നുപോയപ്പോഴും തിരിച്ചുവരുന്നെങ്കില്‍ വരട്ടെ എന്നാണ് കരുതിയത്. മാണിയോട് എന്നും കോണ്‍ഗ്രസ് രാഷ്‌ട്രീയ മാന്യത കാട്ടി.
















