കൊച്ചി: മലങ്കരയാക്കോബായ സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കബാവ വിദേശത്തേക്ക് പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ സമൂഹം പ്രസിഡന്റ് മധ്യമേഖല ഐജിക്ക് പരാതി നല്കി.
ഇദ്ദേഹത്തിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകളും, ആലുവ കോടതിയുടെ അറസ്റ്റ് വാറണ്ടും നിലവിലുണ്ടെന്നും പരാതിയില്‍ പറയുന്നു. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നും എറണാകുളത്തിന്റെ കിഴക്കന്‍ മേഖലകളിലെ പള്ളികളിലെ സംഘര്‍ഷത്തിന് കാരണക്കാരന്‍ ഇദ്ദേഹമാണെന്നും പരാതിയിലുണ്ട്.
യാക്കോബായ സുറിയാനി സഭ അല്മായ ഫോറത്തിന്റെ പ്രസിഡന്റ് പോള്‍ വര്‍ഗീസാണ് സഭയുടെ ഭാരതത്തിലെ തലവനായ കാതോലിക്ക ബാവക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
കൃത്യമായി രജിസ്ട്രേഷന് നടത്താത്ത സഭയുടെ പേരില്‍ സഭാ മേലധ്യക്ഷന് വിശ്വാസികളെ കമ്പളിപ്പിച്ചെന്നും തെരഞ്ഞെടുപ്പ് നടത്താതെ, കണക്ക് ഓഡിറ്റ് ചെയ്യാത്ത സഭ പൊതുജനങ്ങളുടെ പരിഹാസ പാത്രമായിരിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. ഇദ്ദേഹം വിദേശത്തേക്ക് പോയാല്‍ തിരികെ വരാനുള്ള സാധ്യത കുറവാണെന്നതാണ് പരാതി കൊടുക്കാന്‍ ഇടയാക്കിയതെന്നും പറഞ്ഞു.
തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ രാത്രി സമയത്ത് പൂട്ട് പൊളിച്ച് അകത്ത് പ്രവേശിച്ചതിനും, പാതിരിയെ തല്ലി പരിക്കേല്‍പ്പിച്ചതിനും ഇദ്ദേഹത്തിന്റെ പേരില്‍ ആലുവ പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസില്‍ ആലുവ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. പുത്തന്‍കുരിശ് പള്ളിയില്‍ 5 കേസുകള്‍ വേറേയും.
രണ്ടോ അതില്‍ കൂടുതലോ ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം 107-ാം വകുപ്പ് പ്രകാരം സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടെന്നും എന്നാല്‍ ഇദ്ദേഹത്തിനെതിരെ അത്തരം നടപടിയുണ്ടായിട്ടില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
വിദേശയാത്രക്ക് തയ്യാറെടുത്തിരിക്കുന്ന ബസേലിയോസ്തോമസ് പ്രഥമന്‍ കാതോലിക്കബാവയുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെടുന്നു.
















