തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വര്‍ഗീയവാദിയായി സംസാരിക്കുകയാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്‌ക്കുള്ള മറുപടി പ്രസംഗത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ആരാധനാലയങ്ങളില്‍ ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നുവെന്നും അതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഒടുവില്‍ മന്ത്രി പ്രസ്താവന പിന്‍വലിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് കോണ്‍ഗ്രസ് നിലപാടിന് അനുസൃതമല്ല. വര്‍ഗ്ഗീയവാദികളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകളാണ് പ്രസിഡന്റ് നടത്തുന്നത്, മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളില്‍ ആര്‍എസ്എസ് ആയുധപരിശീലനം നടത്തുകയാണ്.
ക്ഷേത്ര ഉപദേശക സമിതികളില്‍ ആര്‍എസ്എസ് കടന്നുകൂടുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. കോണ്‍ഗ്രസ്സുകാര്‍ ഇതിന് പിന്തുണ നല്‍കുന്നുവെന്നു കൂടി മന്ത്രി പറഞ്ഞതോടെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേറ്റത്.
ആരാധനാലയങ്ങളിലെ ആയുധ പരിശീലനത്തെക്കുറിച്ചുള്ള തന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ശ്രദ്ധയില്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് വി.ടി ബല്‍റാം ആവശ്യപ്പെട്ടു. ഇതുവരെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടാത്ത അവാസ്തവമായ ആരോപണമാണ് മന്ത്രി ഉന്നയിച്ചതെന്നും ഇത് പിന്‍വലിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
എന്നാല്‍ മന്ത്രി നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മന്ത്രി പ്രസ്താവന പിന്‍വലിക്കുകയോ പ്രതിപക്ഷ നേതാവിന് എഴുതിക്കൊടുക്കുകയോ ചെയ്യാമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗത്തിനും എന്തുമാകാമെന്ന രീതിഅംഗീകരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ശബരിമലയില്‍ ശരിയല്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഇതിനു സര്‍ക്കാരാണ് മറുപടി പറയേണ്ടത്. മന്ത്രി അറിയാതെ ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി, പൊന്നമ്പമേട്ടില്‍ ക്ഷേത്രം പണിയാന്‍ പോകുന്നു, അഴിമതി ആരോപണം നേരിടുന്ന സെക്രട്ടറിയെ കമ്മീഷണറാക്കാന്‍ നീക്കം നടത്തുന്നു. ഇത് വച്ചുപൊറുപ്പിക്കില്ല, മന്ത്രി പറഞ്ഞു.
എന്നാല്‍ ട്രാവന്‍കൂര്‍-കൊച്ചി റിലീജിയസ് ആക്ട് അനുസരിച്ചാണ് ബോര്‍ഡ് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരിന് ഒരധികാരവും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് മാറ്റണമെങ്കില്‍ നിയമം മാറ്റണമെന്നും ചെന്നിത്തല വ്യക്തമാക്കി.
















