കോട്ടയം: അമിതമായ പുത്രവാത്സല്യം മൂലം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ജനങ്ങളില്‍ നിന്നും കെ.എം. മാണി ഒറ്റപ്പെട്ടതായി ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്. സിപിഎമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പാര്‍ട്ടിക്കുള്ളിലും ജനമധ്യത്തിലും തിരിച്ചടിയായതോടെയാണ് പ്രാദേശികപ്രശ്നം മാത്രമായി നിസാരവത്കരിക്കാന്‍ ശ്രമം നടത്തുന്നതെന്നും ജോഷി ഫിലിപ്പ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ വഞ്ചനാപരമായ നിലപാട് സ്വീകരിച്ച കെ.എം. മാണി ഗൗരവമായ വിഷയത്തെ നിസാരവത്കരിക്കാനാണ് കോട്ടയം ഡിസിസിയെ കുറ്റപ്പെടുത്തുന്നത.് കേരളകോണ്‍ഗ്രസില്‍ കെ.എം. മാണിയും ജോസ് കെ. മാണിയും തികച്ചും ഒറ്റപ്പെട്ടു. പ്രശ്നത്തെ പ്രാദേശികവത്കരിച്ചും നിസാരവത്കരിച്ചും യുഡിഎഫിലേക്കു തിരിച്ചുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ നിലപാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അംഗീകരിക്കില്ല.
കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളെ മാണിയും മകനും ഭയപ്പെടുന്നു. അതുകൊണ്ടാണ് കേന്ദ്രത്തില്‍ ബിജെപിയും സംസ്ഥാനത്ത് സിപിഎമ്മുമായി ചര്‍ച്ചകള്‍ നടത്തുന്നത്. ഭയത്തിന്റെ പിന്നില്‍ എന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. കോണ്‍ഗ്രസിന് അവകാശപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തെറ്റിദ്ധരിപ്പിച്ച് രാജിവപ്പിക്കുകയായിരുന്നു. സിപിഎം നേതൃത്വവുമായി രാജിക്കുമുമ്പേ ചര്‍ച്ച നടത്തിയിരുന്നു. അത് നികൃഷ്ടമായ പ്രവര്‍ത്തനമാണ്.
പുത്രവാത്സല്യം മൂലം സമനിലതെറ്റിയ മാണിയുടെ പ്രസ്താവന നെറികേടിനെ ന്യായീകരിക്കുന്നു. ഏപ്രില്‍ മൂന്നിനാണ് സണ്ണി പാമ്പാടിയെ പ്രസിഡന്റാക്കാമെന്ന ധാരണയില്‍ ഉന്നതനേതൃത്വം ഇടപെട്ട് കരാറില്‍ ഒപ്പിട്ടിരുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ധാരണകള്‍ കോണ്‍ഗ്രസ് കൃത്യമായി എക്കാലത്തും പാലിച്ചിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പലവിഷയങ്ങളിലും ചര്ച്ചയുണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി നേതൃയോഗം ഇന്നു ഉച്ചക്ക് 3ന് ഡിസിസി ഓഡിറ്റോറിയത്തില്‍ നടക്കും. പത്രസമ്മേളനത്തില്‍ നേതാക്കളായ ജി.ഗോപകുമാര്‍, യൂജിന്‍ തോമസ്, ബോബി ഏലിയാണ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: