ആലപ്പുഴ: കയര്‍ വ്യവസായ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്ക് കയര്‍ഫാക്ടറി ചെറുകിട ഉടമ സംയുക്ത സമരസമിതിയോഗം തീരുമാനിച്ചു.
കയര്‍ കയറ്റുമതിക്കാര്‍ അവര്‍ക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ വിലകുറച്ചുവാങ്ങുന്നതിന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ ആശ്രയിക്കുന്ന സമ്പ്രദായം ശക്തിപ്പെടുകയാണ്. ചെറുകിട ഉല്‍പ്പന്ന മേഖലയിലും മാറ്റ് ആന്‍ഡ് മാറ്റിങ്‌സ് സൊസൈറ്റികളിലും തൊഴിലാളികള്‍ക്ക് അംഗീകൃത കൂലിയും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ കയര്‍ കോര്‍പറേഷന്‍ വഴി നടപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതി അട്ടിമറിക്കപ്പെടുകയാണ്.
കയര്‍ കോര്‍പ്പറേഷന്‍ സംഭരിച്ച 36 കോടിയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്നു. കയറ്റുമതിക്കാര്‍ വില കുറച്ച് ഉല്‍പ്പന്നങ്ങള്‍ നിയമവിരുദ്ധമായി സംഭരിച്ചു നല്‍കുന്ന ഏജന്‍സികളുമായി കൂട്ടുചേര്‍ന്ന് വ്യവസായമേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് സമരത്തിന് തീരുമാനമെടുത്തത്.
ബിഎംഎസ്, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, ടിയുസിഐ തുടങ്ങിയ ട്രേഡ് യൂണിയന്‍ സംഘടനകളും ചെറുകിട അസോസിയേഷനും ചേര്‍ന്ന് ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് തീരുമാനം. യോഗത്തില്‍ അഡ്വ. കമലാധരന്‍ അദ്ധ്യക്ഷനായി.
















