മലപ്പുറം: തടയണ, വാഹനങ്ങളില്‍ കുടിവെള്ള വിതരണം, ജലശുദ്ധീകരണ പ്ലാന്റ് അങ്ങനെ നീളുന്ന പട്ടിക. വരള്‍ച്ച പ്രതിരോധത്തിനായി മാസങ്ങള്‍ക്ക് മുമ്പ് കളക്ട്രേറ്റി ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളാണിവ. എംപിയും എംഎല്‍എമാരും ഫണ്ടുകള്‍ വാരിവിതറി.
തദ്ദേശ സ്ഥാപനങ്ങള്‍ വെള്ളമില്ലാത്ത പുഴകളില്‍ തടയണകള്‍ വെറുതെ കെട്ടിപ്പൊക്കി. പക്ഷേ ഒരുതുള്ളി വെള്ളംപോലും ജനങ്ങള്‍ക്ക് ലഭിച്ചില്ല. ലക്ഷങ്ങളാണ് വരള്‍ച്ചാ പ്രതിരോധത്തിന്റെ പേരില്‍ ചിലവഴിച്ചത്. പണം കൊടുത്താല്‍ എന്തും കിട്ടുമെന്നായിരുന്നു എല്ലാവരുടെയും ധാരണ. പക്ഷേ വെള്ളം മാത്രം കിട്ടില്ലെന്ന് ഇന്ന് തിരുത്തി പറയേണ്ടി വരുന്നു.
ഭാരതപ്പുഴ, തിരൂര്‍പ്പുഴ, കടലുണ്ടിപ്പുഴ, തൂതപ്പുഴ, കോട്ടപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാര്‍ തുടങ്ങി ജില്ലയിലെ മിക്ക ജല സ്രോതസ്സുകളും തടയണകളാല്‍ നിറഞ്ഞിരുന്നു. ഓരോ തടയണയും ആയിരങ്ങള്‍ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. പക്ഷേ അതൊന്നും ജലക്ഷാമം പരിഹരിച്ചില്ല.
ഭാരതപ്പുഴ ഇന്ന് വലിയൊരു മൈതാനത്തിന് സമാനമാണ്. അനധികൃത മണലെടുപ്പാണ് നിളയെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. ഏത് വേനലിയും സമൃദ്ധമായി ഒഴുകിയിരുന്ന നിള ഇന്ന് വറ്റിവരണ്ടിരിക്കുന്നു. അമിതമായ മണല്‍വാരല്‍ പുഴയുടെ ജലസംഭരണ ശേഷി നശിപ്പിച്ചു. നൂറുകണക്കിന് ജലസേചന പദ്ധതികള്‍ ആശ്രയിക്കുന്ന നിള മാലിന്യത്തിന്റെ ഉറവിടവുമായി മാറി. കുറ്റിപ്പുറം നഗരത്തിലെ മനുഷ്യവിസര്ജ്യങ്ങളടക്കം എത്തിച്ചേരുന്നത് നിളയിലേക്കാണ്. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പോലും അടുത്തകാലത്ത് കണ്ടെത്തിയിരുന്നു. നശിപ്പിക്കാനാവുന്നതെല്ലാം ചെയ്തതിന് ശേഷം കുടിവെള്ളത്തിനായി തടയണ നിര്‍മ്മിച്ചിട്ട് എന്തുകാര്യം.
ചാലിയാറിന്റെയും കടലുണ്ടിപ്പുഴയുടെ അവസ്ഥ വ്യത്യസ്തമല്ല. അമിതമായ മണലൂറ്റും മലിനീകരണവുമാണ് ഈ പുഴകളെയും നാശത്തിലേക്ക് നയിച്ചത്. പൂര്‍ണ്ണമായും വറ്റുന്നതിന് മുമ്പ് കറുത്തിരുണ്ട നിറത്തിലായിരുന്നു ചാലിയാര്‍ ഒഴുകികൊണ്ടിരുന്നത്.
തടയണകള്‍ നിര്‍മ്മിച്ച് അല്പം വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അവിടെ നിന്ന് ജനങ്ങളിലേക്ക് എത്തിക്കാന്‍ സംവിധാനമൊരുക്കാന്‍ സാധിച്ചില്ല. അവസാനം ചേര്‍ന്ന വരള്‍ച്ചാ അവലോകന യോഗത്തില്‍ അധികൃതര്‍ എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു…ഇനി മഴയേ ശരണം. ലക്ഷങ്ങള്‍ ചിലവഴിച്ച് ഈ കാട്ടിക്കൂട്ടിയത് എന്തിനായിരുന്ന എന്നാണ് ജനങ്ങള്‍ക്ക് മനസിലാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: