മലപ്പുറം: ഭക്ഷണസാധനങ്ങളിലും കറിപ്പൊടികളിലും മാത്രം മായം കണ്ട് ശീലിച്ച മലയാളികളെ ഞെട്ടിച്ചുകൊണ്ട് കഞ്ചാവിലും മായം.
വീര്യം കൂട്ടാന്‍ കീടനാശിനിയില്‍ മുക്കിയ കഞ്ചാവ് വില്‍പ്പന ജില്ലയില്‍ പിടിമുറുക്കുകയാണ്. കീടനാശിനിയില്‍ മുക്കി ഉണക്കിയശേഷം ചെറിയ പൊതികളിലാക്കിയാണ് വില്‍പ്പന.
കഴിഞ്ഞ ദിവസം ഇത്തരത്തിലുളള കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന കഞ്ചാവ് തേടിയെത്തുന്നവരില്‍ കൂടുതലും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. ജില്ലയില്‍ കഞ്ചാവിനെതിരെ പോലീസും എക്സൈസ് വകുപ്പും പരിശോധന ശക്തമാക്കിയിട്ടും കഞ്ചാവ് ലഭ്യതയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല.
പ്രധാന നിരത്തുകളും ചെക് പോസ്റ്റുകളും കേന്ദ്രീകരിച്ച് ലഹരിക്കടത്തിനെതിരെ പരിശോധന ശക്തമാക്കിയതോടെ ഇതരസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഉള്‍പ്രദേശങ്ങള്‍ വഴിയാണ് കഞ്ചാവ് എത്തുന്നത്.
തമിഴ്നാട്ടില്‍ നിന്ന് പാലക്കാട് വഴിയാണ് ജില്ലയിലേക്ക് പ്രധാനമായും കഞ്ചാമെത്തുന്നത്. പഴം പച്ചക്കറി ലോറികളിലാണ് കഞ്ചാവ് കടത്തുന്നത്. പ്രധാനറോഡുകളില്‍ പരിശോധനയുള്ളതിനാല്‍ ഗ്രാമങ്ങളിലെ റോഡുകളിലൂടെയാണ് കഞ്ചാവ് എത്തിക്കുന്നത്. ബൈക്കുകള്‍ ഉപയോഗിച്ചും കഞ്ചാവ് കടത്തുന്നുണ്ട്. കഞ്ചാവില്‍ പുകയില കഷായവും കീടനാശിനികളും ഉപയോഗിച്ച് വീര്യം കൂട്ടിയാണ് വില്‍പ്പന.
കഞ്ചാവ് മാഫിയക്കെതിരെ പരിശോധന ശക്തമാക്കിയതോടെ കഞ്ചാവ് കൊണ്ടുനടന്നുളള വില്‍പ്പന കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോഡ് ഉപയോഗിച്ചാണ് കഞ്ചാവ് വില്‍പ്പന. വഴിയോര കച്ചവടത്തിന്റെ മറവില്‍ ജില്ലയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വഴിയോരത്ത് ജ്യൂസ് വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയവരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു, കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് കോഡ് ഉപയോഗിച്ച് കഞ്ചാവ് വാങ്ങിക്കുന്നത്. പത്ത് രൂപയ്ക്ക് ജ്യൂസെന്ന പരസ്യവുമായി വഴിയോരത്ത് കച്ചവടം നടത്തിയ സംഘത്തിന് പത്ത് രൂപയ്ക്ക് പകരം 510 രൂപയാണ് ആവശ്യക്കാര്‍ നല്‍കുക 510 രൂപയെങ്കില്‍ കഞ്ചാവിനാണെന്ന് തിരിച്ചറിയാനാവും. ജ്യൂസ് ഉണ്ടാക്കിയതിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. പോലീസിനോ, എക്സൈസ് വകുപ്പിനോ കോഡ് ചോരാതിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശവും കച്ചവടക്കാര്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: