തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ യുഡിഎഫ് നിയമനടപടിക്ക് ഒരുങ്ങുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചതാണിത്.
മണിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പി.ടി. തോമസ് എംഎല്‍എ ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കുമെന്ന് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ച നടപടി ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിക്കുക. മണിക്കെതിരായ ബഹിഷ്‌കരണവും രാജിവയ്‌ക്കുംവരെ പ്രതിഷേധവും തുടരും. പാര്‍ട്ടിക്ക് അനഭിമതനായ മന്ത്രി മണി എങ്ങനെ സര്‍ക്കാരിനും ജനങ്ങള്‍ക്കും അഭിമതനാകും. ജനകീയ പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതിനാല്‍ സഭ ബഹിഷ്‌കരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇന്നലെ സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ആരംഭിച്ചു. മണിയെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന ബാനറും സഭയ്‌ക്കുള്ളില്‍ ഉയര്‍ത്തി. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ ഗതാഗതമന്ത്രിമന്ത്രി തോമസ് ചാണ്ടി മറുപടി പറയാന്‍ എഴുന്നേറ്റു. എന്നാല്‍ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളി മന്ത്രിയെ പലപ്പോഴും തടസ്സപ്പെടുത്തി. ഒടുവില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രത്യേക ഹര്‍ജിയുടെയും ബഹിഷ്‌കരണത്തിന്റെയും കാര്യം പറഞ്ഞ് ബഹളം അവസാനിപ്പിക്കുകയായിരുന്നു.
















