ന്യൂദല്‍ഹി: ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാറിന് പുനര്‍നിയമനം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വൈകുന്നതിനെതിരായ സെന്‍കുമാറിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
എന്നാല്‍ കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് തന്നെ സെന്‍കുമാറിന് ഡിജിപി തസ്തികയില്‍ പുനര്‍നിയമനം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന. ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമ വൃത്തങ്ങള്‍ അറിയിച്ചു.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.പി സെന്‍കുമാര്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തരവ് നടപ്പാക്കാത്ത ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച കേസ് കോടതിയില്‍ പരാമര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം സെന്‍കുമാറിന്റെ അഭിഭാഷകര്‍ വേണ്ടെന്നു വെച്ചു.
ഏപ്രില്‍ 24ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പത്ത് ദിവസങ്ങള്‍ക്ക് ശേഷവും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും കോടതിയുടെ ഉത്തരവ് നടപ്പാക്കാത്തത് ബോധപൂര്‍വ്വമായ നടപടിയാണെന്നുമാണ് സെന്‍കുമാറിന്റെ ഹര്‍ജിയിലെ പരാതി. വെള്ളിയാഴ്ച ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കേസ് പരിഗണിക്കും. ഇതേ ബഞ്ചാണ് സെന്‍കുമാറിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. അതിനാല്‍ തന്നെ വിധി നടപ്പാക്കാന്‍ വൈകുന്നത് സംസ്ഥാന സര്‍ക്കാരിന് വലിയ വിമര്‍ശനമേല്‍ക്കാന്‍ കാരണമാകും.
















