കൊച്ചി: ബിഎസ്എഫ് ജവാന്റെ വിധവ ആശ്രിത നിയമനത്തിന് നല്‍കിയ അപേക്ഷ വൈകിയതിന്റെ പേരില്‍ നിരസിക്കരുതെന്നു ഹൈക്കോടതി. കണ്ണൂര്‍ സ്വദേശിനി ഒപി ഷീജ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ബിഎസ്എഫില്‍ കോണ്‍സ്റ്റബിളായിരുന്ന ഷീജയുടെ ഭര്‍ത്താവ് 1998 മേയ് 16 ന് ഉധംപൂരിലെ താവി നദിയില്‍ മുങ്ങിമരിച്ചു. അദ്ദേഹമുള്‍പ്പെട്ട ബറ്റാലിയന്‍ പഞ്ചാബില്‍ നിന്ന് കാശ്മീരിലേക്ക് നീങ്ങുമ്പോഴായിരുന്നു ദുരന്തം. പ്രതിരോധസേനയിലെ അംഗങ്ങളുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ ആശ്രിത നിയമനം നല്‍കാമെന്നാണ് ചട്ടം. ഇതനുസരിച്ച് ഷീജ രണ്ടു തവണ ആശ്രിത നിയമനത്തിനായി സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. എന്നാല്‍ ആശ്രിത നിയമനത്തിന് രണ്ടു തവണ അപേക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഷീജ തയ്യാറായില്ല.
എന്നാല്‍ യൗവനത്തിന്റെ തുടക്കത്തില്‍ തന്നെ വിധവയായ സ്ത്രീക്ക് കൈക്കുഞ്ഞുങ്ങളുമായി പഞ്ചാബിലും കാശ്മീരിലുമൊക്കെയെത്തി സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യം അനുഭാവ പൂര്‍വം പരിഗണിക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി. രണ്ടു ദശാബ്ദത്തിലേറെയായി വിധവയായി ജീവിക്കുന്ന ഹര്‍ജിക്കാരിയുടെ പരാതി കോടതിയിലും അഞ്ചു വര്‍ഷം കിടന്നു.
രാഷ്‌ട്ര സേവനത്തിന്റെ ഭാഗമായുള്ള ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടപ്പെട്ട ജവാന്റെ വിധവയും കുട്ടികളും അശരണരായി കഴിയുന്ന സാഹചര്യം കണക്കിലെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
യുദ്ധമുഖത്തല്ലെങ്കില്‍ പോലും ഭര്‍ത്താവിന് ദുരന്തമുണ്ടായത് ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെയാണെന്നും ആ നിലയ്‌ക്ക് ആശ്രിത നിയമനത്തിന് അവകാശമുണ്ടെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
















