തൃശൂര്‍: തൃശൂര്‍ പൂരത്തിന് സജ്ജീകരിച്ചിരിക്കുന്നത് രാജ്യത്തിന് മാതൃകയാക്കാവുന്ന സുരക്ഷാ ക്രമീകരണങ്ങള്‍. 37 ഇടങ്ങളിലൂടെ 70 മീറ്റര്‍ ഉയരത്തില്‍ വെളളം ചീറ്റിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഫയര്‍ ഹൈഡ്രന്റാണ് ഇതില്‍ പ്രധാനം. ഈ സംവിധാനം വാട്ടര്‍ അതോറിറ്റിയാണ് ഒരുക്കിയിരിക്കുന്നത്.
അഗ്നിബാധ ഉണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളമൊഴിക്കാന്‍ സാധിക്കുന്നതാണ് ഫയര്‍ ഹൈഡ്രന്‍. അഗ്നിബാധയ്‌ക്ക് സാധ്യതയുളള വന്‍കിട വ്യവസായ മേഖലകളില്‍ ഉപയോഗിക്കുന്നത് ഫയര്‍ ഹൈഡ്രന്റാണ്. സംസ്ഥാനത്ത് ആദ്യമായി തൃശൂര്‍ പൂരത്തിനാണ് ഇത് പരീക്ഷിക്കാന്‍ സജ്ജമാക്കിയിരിക്കുന്നത്.
വെടിക്കെട്ട് നടക്കുന്ന പൂരപ്പറമ്പിനു ചുറ്റും സ്ഥാപിക്കുന്ന പൈപ്പില്‍ നിന്നും ശക്തിയില്‍ വെള്ളം ചീറ്റി അഗ്നിബാധ അണയ്‌ക്കാന്‍ സാധിക്കും. പുറ്റിങ്ങല്‍ ദുരന്തത്തെ തുടര്‍ന്ന് വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തിയ ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കാന്‍ പോകുന്ന വലിയ വെടിക്കെട്ടാണ് തൃശൂര്‍ പൂരത്തിലേത്.
ഇനി രാജ്യത്തെ മറ്റ് വെടിക്കെട്ടുകള്‍ക്കും മാതൃകയാക്കാവുന്ന തരത്തില്‍ സുരക്ഷ ഒരുക്കുമെന്ന സംസ്ഥാന മന്ത്രിമാരുടെ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയത്. ദുരന്ത നിവാരണ പദ്ധതിയും ഇന്‍ഷുറന്‍സ് സ്‌കീമുമടക്കം എക്‌സ്‌പ്ലോസീവ് വിഭാഗം മുന്നോട്ട് വച്ച 26 സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിച്ചു വരികയാണ്.
















