മറയൂര്‍: വേനല്‍ കടുത്തതോടെ ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കരിമ്പിന്‍ തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. മറയൂര്‍ കാന്തല്ലൂര്‍ മേഖലകളിലായി ആയിരം ഏക്കറോളം ഭൂമിയിലെ കരിമ്പാണ് കടുത്ത വേനലില്‍ വെള്ളംകിട്ടാതെ വരള്‍ച്ച മുരടിക്കുന്നത്.
നാല് മാസം കഴിഞ്ഞ് എത്തുന്ന ഓണവിപണി ലക്ഷ്യമിട്ട് വിളവിറക്കിയ കര്‍ഷകര്‍ ഇതോടെ നഷ്ടങ്ങളുടെ കണക്കുമായി രംഗത്തെത്തിക്കഴിഞ്ഞു. മഴലഭിക്കാത്തതിനാല്‍ വളര്‍ച്ച കുറയുമെന്നും ഉല്‍പ്പാദനം നാലിലൊന്നായി ചുരുങ്ങുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. മഴനിഴല്‍ പ്രദേശമാണെങ്കിലും സമീപത്തെ നീരുറവകളില്‍ നിന്നും മുന്‍കാലങ്ങളില്‍ ഇവിടെ ധാരാളമായി വെള്ളം ലഭിച്ചിരുന്നു. രണ്ട് വര്‍ഷമായി മഴകുറഞ്ഞതോടെ സമീപത്തുകൂടി ഒഴുകുന്ന പാമ്പാര്‍, കല്യാര്‍ എന്നീ നദികളെ ആശ്രയിച്ചാണ് ഇവിടെ കൃഷി ഇറക്കുന്നത്. ഇടത് വലത് കനാലുകളിലൂടെ വേനലില്‍ ഇവിടെ വെള്ളം എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പതിവ്.
ഈ വര്‍ഷം ആദ്യ 19 ദിവസം വലതുകരയിലും പിന്നീട് 19 ദിവസം ഇടത് കരയിലും എന്ന തോതിലാണ് വെള്ളം വിതരണം ചെയ്യുന്നത്. ഒരു കര്‍ഷകന് മണിക്കൂറുകള്‍ മാത്രമാണ് വെള്ളം ശേഖരിക്കാന്‍ ലഭിക്കുന്നത്. കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് പുഴകള്‍ വറ്റിയതാണ് ഇതിന് കാരണം. വേനല്‍മഴ ലഭിക്കാത്തതും മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേയ്‌ക്ക് തള്ളിയിടുകയാണ്. മുന്‍വര്‍ഷങ്ങളിലും ഇത്തരത്തില്‍ ഉണക്കുണ്ടായിരുന്നു. ഇതോടെ നിരവധി കര്‍ഷകരാണ് കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നത്.
















