മലപ്പുറം: ജില്ലയില്‍ കനത്ത വരള്‍ച്ചയുടെ പശ്ചാതലത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പു വരുത്തുന്നതിന് കൂടുതല്‍ ഇടപെടലുകള്‍ വേണമെന്നും അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ പരിശോധിക്കണമെന്നും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ട്രേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാതലത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എംഎല്‍എമാര്‍ നിര്‍ദ്ദേശിച്ചത്.
ജില്ലയില്‍ 450 വാട്ടര്‍ കിയോസ്കുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ദുരന്ത നിവാരണ വിഭാഗം യോഗത്തെ അറിയിച്ചു. കിയോസ്കുകളുടെ പ്രവര്‍ത്തന ചുമതല നിര്‍മിതി കേന്ദ്രത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 56 എണ്ണത്തിന്റെ പ്ലാറ്റ്ഫോം പണി പൂര്‍ത്തീകരിച്ചതായി നിര്‍മ്മിതി കേന്ദ്ര അറിയിച്ചിട്ടുണ്ട്. മറ്റുള്ളവയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.
ഗ്രാമ പഞ്ചായത്തുകള്‍ക്ക് 10 ലക്ഷം വരെ തനത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭകള്‍ക്ക് 15 ലക്ഷം രൂപവരെ ചിലവഴിക്കാം. എന്നാല്‍ സാമ്പത്തിക വര്ഷാരംഭമായതുകൊണ്ട് ഇത്രയും തുക ചിലവഴിക്കാന്‍ ലഭ്യമല്ലാത്തത് കുടിവെള്ള വിതരണത്തെ ബാധിക്കുന്നതായി എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.
ജില്ലയില്‍ ആര്എംഎഫ് ഫണ്ട് വരള്‍ച്ചാ പദ്ധതികള്‍ക്ക് വിനിയോഗിക്കുന്നതിന് അനുമതി വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. 54 കോടി രൂപ ആര്എംഎഫ് ഫണ്ടിലുള്ളതായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗം അറിയിച്ചു. ഈ തുകയില്‍ നിന്ന് എക്സപേര്‍ട്ട് കമ്മിറ്റികള്‍ അംഗീകരിച്ച 14 പദ്ധതികള്‍ അംഗീകാരത്തിനായി നല്‍കിയിട്ടുണ്ട്. എന്നാല്‍ എംഎല്‍എമാര്‍ ഉള്‍പ്പെടാത്ത എക്സ്പേര്‍ട്ട് കമ്മിറ്റി ഇത്തരം പദ്ധതികളെ പറ്റി തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നും എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടു.
ജില്ലയിലെ പ്രധാന പദ്ധതികളില്‍ നിന്നും കുടിവെള്ള പമ്പിങ് ഗണ്യമായി കുറഞ്ഞതായി കെ.ഡബ്ല്യു.എ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചാലിയാറില്‍ ആവശ്യത്തിന് വെള്ളം ലഭ്യമായത്തിനാല് നിലമ്പൂര്‍, മഞ്ചേരി ഭാഗങ്ങളില്‍ പ്രശ്നങ്ങള്‍ കുറവാണ്.
ചീക്കോട് പദ്ധതി സജീവമാണെങ്കിലും ലൈനിന്റെ പണി പൂര്‍ത്തിയാവത്തതിനാല്‍ ഇതുവഴിയുള്ള പമ്പിങ് പൂര്‍ണ്ണമല്ല. എന്നാല്‍ പദ്ധതി പ്രദേശത്ത് നിന്നും ടാങ്കറുകള്‍ വഴി ജലം ലഭ്യമാക്കാന്‍ കഴിയുന്നുണ്ട്. തൂത പുഴയില്‍ പാലക്കാട് ജില്ലയിലുള്ള ഡാമുകള്‍ തുറന്ന് വിട്ടതിനാല്‍ അവിടെയും വലിയ പ്രശ്നങ്ങള്‍ ഇല്ല. എന്നാല്‍ കടലുണ്ടി പുഴയിലെ പദ്ധതികള്‍ക്കാണ് ജലദൗര്‍ബല്യം രൂക്ഷമായുള്ളത്.
എംഎല്‍എമാരായ വി.അബ്ദുറഹിമാന്, ടി.വി.ഇബ്രാഹീം, ആബിദ് ഹുസൈന് തങ്ങള്‍, പി.അബ്ദുല്‍ ഹമീദ്, പി.കെ.ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് എ.കെ.നാസര്‍, എഡിഎം.അനില്‍ കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ശ്രീലേഖ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: