ചെറുതോണി: ഇടുക്കി കളക്‌ട്രേറ്റ് പടിക്കല്‍ വനവാസി ഗോത്ര മഹാസഭ നടത്തിവരുന്ന നില്‍പ് സമര പന്തലിന് നേരെ ആക്രമണം നടത്തിയ കേസിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്പി ഓഫീസിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫുകളായ കോട്ടയം ആര്‍പ്പൂക്കര വലവക്കോട് വിനീത് (22), ആലപ്പുഴ പുതുപ്പറമ്പില്‍ ഉല്ലാസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11 ന് ചെറുതോണിയില്‍ മറ്റൊരുദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ എത്തിയപ്പോഴാണ് സംഭവം.
സമരത്തിനു നേതൃത്വം നല്‍കുന്ന പി.റ്റി. രാജപ്പന്‍, പന്തലിലുണ്ടായിരുന്ന ചെട്ടി, രാധാമണി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സമീപത്തെ ഷെഡ്ഡില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുഞ്ഞമ്മ, മൈക്കിള്‍, ജോര്‍ജ് എന്നിവര്‍ ഓടി വന്നപ്പോഴേക്കും അക്രമികള്‍ കളക്‌ട്രേറ്റിലേക്ക് ഓടി രക്ഷപെട്ടു. വിവരമറിഞ്ഞ് ഇടുക്കിയില്‍ നിന്ന് പോലീസ് എത്തി തെരച്ചില്‍ നടത്തിയിരുന്നു. വനവാസികളുടെ പരാതിയനുസരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കി.
















