കൊച്ചി: മുഷ്‌കിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൈയൂക്കിന്റെയും ഇടപെടല്‍ ലോകത്ത് പരാജയപ്പെട്ട ചരിത്രമാണുള്ളതെന്ന് സിപിഐ ദേശീയ സമിതിയംഗം ബിനോയ് വിശ്വം. വിമര്‍ശനങ്ങള്‍ നന്നാകാനും നന്നാക്കാനുമാകണം.
അത്‌ലക്ഷ്യത്തില്‍നിന്നു വ്യതിചലിക്കാതിരിക്കാനുള്ളതാണ്. അതാണ് ചുവപ്പുകൊടി മുന്നോട്ടുവെക്കുന്ന നീതി. ബിനോയ് പറഞ്ഞു. കേരള ഗവണ്‍മെന്റ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെജിഒഎഫ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ഡോ. യു. ദിനേശ് അദ്ധ്യക്ഷനായിരുന്നു.
പ്രസംഗത്തിലെ ഉപദേശം കെജിഒഎഫ് അംഗങ്ങള്‍ക്കുള്ളതായിരുന്നെങ്കിലും സിപിഎമ്മിനുള്ള പരോക്ഷ ഉപദേശമായി. വീട്ടില്‍ ഭാര്യയും ഭര്‍ത്താവും നടത്തുന്ന വിമര്‍ശനം കുടുംബം നന്നായി മുന്നോട്ടു പോകാനാണ്. ലക്ഷ്യം തെറ്റാതെ ശക്തിപ്പെടാനാണ്. ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ, തിരിയാതെ അണുവിട വിട്ടുവീഴ്ച ചെയ്യാതെ നടപ്പാക്കാന്‍ കഴിയണം. അത്തരം വിമര്‍ശനമാണ് പൊതുവില്‍ ചുവപ്പുകൊടി മുന്നോട്ടു വെക്കുന്നത്.
നാളെ ഭരണം മാറിയാലും കെജിഒഎഫ് ആയി നില്‍ക്കുന്നവരാകണം. അല്ലാത്തവരെ പാര്‍ട്ടി പുച്ഛത്തോടെയാണ് നോക്കുന്നത്. ഭരണം മാറുമ്പോള്‍ കൂട്ടത്തോടെ മറുപക്ഷത്തേക്കു പോകുന്നവരില്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല. എന്താണീ കൊടി. എന്താണിതിന്റെ പ്രത്യേകത. ഇതിന് കേരളത്തോടും സമൂഹത്തോടുമുള്ള സന്ദേശമെന്താണ്. മുഷ്‌കിന്റെയും കൈയൂക്കിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഇടപെടല്‍ ലോകത്ത് പരാജയപ്പെട്ട ചരിത്രമാണ്. ചുവന്ന കൊടി നീതിയുടെയും നന്മയുടെയും ആശയമാണ്. ഈ പൊതു അര്‍ത്ഥം മനസിലാക്കാതെ എന്തുചെയ്തിട്ടും കാര്യമില്ല.
അംഗത്വം കുറഞ്ഞാലും സാരമില്ല. ഉള്ളവര്‍ക്ക് യാഥാര്‍ത്ഥ്യ ബോധവും നീതി ബോധവും ഉണ്ടാകണം. പറയുന്നതു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഐ. ആളുകുറവായിരിക്കാം. പക്ഷേ, പാര്‍ട്ടിപറയുന്നതു കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരിക്കുന്നവരുണ്ട്. നിലപാടുകളില്‍ മനുഷ്യത്വവും തത്വദീക്ഷയുമുണ്ട്.
കുരിശിനെ കൈയേറ്റത്തിന്റെ മറയാക്കരുത്. കുരിശു മറയാക്കിയ കൈയേറ്റത്തെ എല്ലാ സഭകളും എതിര്‍ത്തു. കുരിശു പറയുന്ന സത്യങ്ങള്‍ ചെങ്കൊടിക്കും ബാധകമാണ്. ചെങ്കൊടിയെ കൈയേറ്റക്കാര്‍ക്ക് മറയാകാന്‍ സമ്മതിക്കില്ലെന്നതാണ് സിപിഐയുടെയും സിപിഎമ്മിന്റെയും ഉറപ്പ്. മറയാക്കാന്‍ ശ്രമിച്ചാല്‍, അത് അപരാധമാണെന്ന് തിരിച്ചറിയാനുള്ള വിവേകം ഇരു പാര്‍ട്ടികള്‍ക്കുമുണ്ട്, ബിനോയ് വിശ്വം പറഞ്ഞു.
















