പെരിന്തല്‍മണ്ണ: ഉഗ്രസ്ഫോടന ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളുമായി ഒരാള്‍ പിടിയില്‍. മഞ്ചേരി മേലാക്കം സ്വദേശി മുസ്ലീയാരകത്ത് അബ്ദുറഹ്മാന്(48) ആണ് അറസ്റ്റിലായത്.
മൂന്ന് വ്യത്യസ്ത കമ്പനികളുടെ 148 ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.ഇ.ഉണ്ണികൃഷ്ണന് നമ്പൂതിരിയും സംഘവും നടത്തിയ വാഹനപരിശോധനക്കിടെ വള്ളിക്കാപ്പറ്റ ആനക്കയം ചെക്ക്പോസ്റ്റ് ഭാഗത്ത് നിന്നാണ് സ്ഫോടക വസ്തു പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന മാരുതി വാഗണര്‍ കാറും പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ മഞ്ചേരി സ്റ്റേഷനില്‍ സമാനമായ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് വകുപ്പ് ലഹരിവേട്ട ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.എ.മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഡി.ഷിബു, ഡി.എസ്.സജയ്യകുമാര്, പി.എച്ച്.പ്രത്യുഷ്, പി.അനീഷ് കുമാര്‍, കെ.സി.അച്യുതന് എന്നിവരടങ്ങിയ സംഘമാണ് സ്ഫോടക ശേഖരം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: