പരപ്പനങ്ങാടി: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി ആസൂത്രണവും നിര്‍വ്വഹണവും പാളുന്നു. 2015 നവംബറില്‍ പുതിയ ഭരണസമിതികള്‍ അധികാരമേറ്റെടുത്തു. രണ്ട് വര്‍ഷത്തോളമായിട്ടും ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല. ആസൂത്രത്തിലെ അജ്ഞതയും ധനവിനിയോഗത്തിലെ അഴിമതിയും വീതംവെപ്പും പദ്ധതി നടത്തിപ്പിന് വിഘാതമാകുകയാണ്. സാമ്പത്തിക വര്‍ഷാവസാനം പദ്ധതി നിര്‍വ്വഹണം ധൃതിപിടിച്ച് നടപ്പിലാക്കുകയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലഘട്ടത്തില്‍ രൂപീകൃതമായ നഗരസഭകള്‍ ഇന്നും ശൈശവാവസ്ഥയിലാണ്. നഗരസഭയിലെ ജനങ്ങള്‍ക്ക് നികുതി ഭാരം കൂടുകയും ക്ഷേമ പദ്ധതികള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ത്രിതല പഞ്ചായത്തുകളില്‍ ഓരോന്നിലും വ്യത്യസ്തമായ ഫണ്ട് വിനിയോഗത്തിന് അവസരമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകളായപ്പോള് നികുതി വര്‍ധനവ് മാത്രമാണുണ്ടായത്. പൊതുനിരത്തുകളുടെ നവീകരണം മുതല്‍ കുടിവെള്ള പദ്ധതികള്‍ വരെയുള്ള നടത്തിപ്പിന് ഒച്ചിഴയുന്ന വേഗത മാത്രം.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആസൂത്രണ സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയെങ്കിലും മാര്‍ച്ച് മാസത്തോടെയാണ് പൂര്‍ത്തിയായത്. കേന്ദ്ര പദ്ധതികളില്‍ നിന്ന് മുഖം തിരിച്ചത് സംസ്ഥാനത്തെ ആസൂത്രണ പ്രക്രിയേയും നടത്തിപ്പിനെയും പ്രതികൂലമായി ബാധിച്ചു. രാഷ്ട്രീയ വിവേചനം ഗ്രാമീണ വികസനത്തിന് തടസ്സമാകുന്നുണ്ട്. അതിന്റെ പരിണിത ഫലമാണ് പൊന്നാനി നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ ചേരി തിരിഞ്ഞ് നടത്തിയ അക്രമം.
പ്രാദേശിക പദ്ധതി നിര്‍വ്വഹണത്തിലെ അഴിമതിക്കെതിരെ ജനജാഗ്രത ഉയരേണ്ടിരിക്കുന്നു. വികസന പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സമയനിഷ്ഠ പാലിക്കണം. വിരമിച്ച അഭ്യസ്ത വിദ്യരായ ഉദ്യോഗസ്ഥരുടെ കഴിവുകളും പ്രയോഗിക പരിഞ്ജാനവും ഗ്രാമ-നഗര വികസനത്തിന് ഉപയോഗപ്പെടുത്തിക്കൊണ്ട് ആസൂത്രണ പ്രക്രിയ രാഷ്ട്രീയമുക്തമാക്കിയാല് മാത്രമേ കേന്ദ്രഫണ്ടുകളടക്കം ഫലപ്രദമായി വിനിയോഗിക്കാനാകൂ. അവസാന മാസങ്ങളിലേക്ക് പദ്ധതി നടത്തിപ്പ് മാറ്റിവെച്ച് തിരക്കിട്ട് തുക ചിലവഴിച്ച് കൊണ്ട് അഴിമതിക്ക് കോപ്പുകൂട്ടുകയാണ് ഇടതുവലത് മുന്നണികള്‍. ഇവരുടെ അടിപിടി അവസാനിപ്പിച്ച് നാടിന്റെ വികസനകാര്യങ്ങളില്‍ ജനകീയ ഐക്യ രൂപീകൃതമായില്ലെങ്കില്‍ സംസ്ഥാനം വര്‍ഷങ്ങള്‍ പിന്നിലേക്ക് പോകും. കാലവര്‍ഷം പടിവാതിലില്‍ നില്‍ക്കുമ്പോഴും മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. ഈ രീതിയില്‍ പോയാല്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതികളുടെ നിര്‍വ്വഹണം അടുത്ത മാര്‍ച്ചിലും പൂര്‍ത്തിയാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: