തിരുവനന്തപുരം: തനിക്കനുകൂലമായ സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും വിധി രാജ്യത്തിനാകെ മാതൃകയെന്നും ടി.പി. സെന്‍കുമാര്‍. സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സത്യസന്ധമായി ജോലി ചെയ്‌തെന്ന പേരില്‍ ഒരു ഉദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടാന്‍ ഇടവരരുത്. ഞാന്‍ കോടതിയില്‍ പോയത് വ്യക്തിപരമായ കാര്യത്തിനല്ല. പ്രകാശ്‌സിങ്ങ് കേസിന്റെ തുടര്‍ച്ചയാണ് വിധി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും വിധികൊണ്ടു പ്രയോജനമുണ്ടാകും. ഇവിടെ നിയമങ്ങളുണ്ട്. പക്ഷേ, പലപ്പോഴും പാലിക്കപ്പെടാറില്ല. സാധാരണ ആരും ഇത്തരം നടപടികള്‍ ചോദ്യം ചെയ്യാന്‍ പോകാറില്ല. എനിക്കതിന് കഴിഞ്ഞത് അഡ്വ. ഹാരിസ് ബീരാനും, ഫീസ് വാങ്ങാതെ കേസ് നടത്തിയ ദുഷ്യന്ത് ദാവേയും, കുറഞ്ഞ നിരക്കില്‍ കേസ് നടത്തിയ പ്രശാന്ത് ഭൂഷണുമൊക്കെ സഹായിച്ചതുകൊണ്ടാണ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ നിയമപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നൊന്ന് ഉണ്ടാവാന്‍ പാടില്ല. മുഖ്യമന്ത്രി സഭയ്‌ക്കുള്ളില്‍ പറയുന്നതിന് ഞാന്‍ അഭിപ്രായം പറയാന്‍ പാടില്ല.
എന്റെ സര്‍വീസില്‍ ഇതിനു മുന്‍പും സ്ഥലംമാറ്റപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഞാന്‍ കേസിന് പോയിട്ടില്ല. എന്നാല്‍, ഇത്തവണ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി എനിക്കെതിരെ ഹാജരാക്കിയ മൂന്നു ഫയലുകളില്‍ കൃത്രിമം കാട്ടിയിരുന്നു. പുറ്റിങ്ങല്‍ ദുരന്തശേഷം ഏപ്രില്‍ 14ന് നല്‍കിയ ഫയലില്‍ 41 ദിവസത്തിനുശേഷം 12 പേജ് പരാമര്‍ശങ്ങള്‍ എങ്ങനെ വന്നു. വിവരാവകാശപ്രകാരം ലഭിച്ച യഥാര്‍ത്ഥ രേഖ ഞാന്‍ സുപ്രീംകോടതിയില്‍ ഹാജരാക്കി. അന്നത്തെ ആഭ്യന്തര സെക്രട്ടറിയെ എതിര്‍കക്ഷി ചേര്‍ക്കാതിരുന്നതു മൂലമാണ് അവര്‍ രക്ഷപ്പെട്ടത്. ഇത്തരം നടപടികള്‍ മാനസികമായി വേദനിപ്പിച്ചു. സുപ്രീംകോടതി ഉത്തരവ് ലഭിച്ചശേഷം അത്തരം കാര്യങ്ങളില്‍ എന്തു വേണമെന്ന് ആലോചിക്കണം. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കണം. തീരുമാനം സര്‍ക്കാര്‍ എടുക്കട്ടെ. തസ്തികയില്‍ തുടരണമോ എന്നത് സര്‍ക്കാര്‍ തീരുമാനം വരട്ടെ, അപ്പോള്‍ പറയാം. 11 മാസം ഇങ്ങനെ പോയില്ലേ, ഇനി പ്രത്യേകിച്ച് എന്തു സംഭവിക്കാനാണെന്നും സെന്‍കുമാര്‍ ചോദിച്ചു.
















