ഇടുക്കി: ചിന്നക്കനാലിലെ ഭൂ മാഫിയായ വെള്ളൂക്കുന്നേല്‍ കുടുംബത്തിനെതിരെ ലാന്‍ഡ് ബോര്‍ഡ് കേസെടുത്തു. വെള്ളൂക്കുന്നേല്‍ കുടുംബക്കാര്‍ കൈയേറ്റക്കാരല്ല എന്ന മന്ത്രി എം.എം. മണിയുടെ പ്രചാരണം പൊളിച്ചുകൊണ്ടാണ് ലാന്‍ഡ് ബോര്‍ഡ് ഉടുമ്പന്‍ചോല ഓഫീസ്, ഭൂപരിഷ്‌ക്കരണ നിയമപ്രകാരം കേസ് എടുത്തത്. സ്പിരിറ്റ് ഓഫ് ജീസസ് നേതാവ് ടോമി സഖറിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.
2012 ജനുവരിയില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ ചുമതല വഹിച്ചിരുന്ന കെ.ബി. വത്സലകുമാരി ഐഎഎസ് വെള്ളൂക്കുന്നേല്‍ കുടുംബത്തിനെതിരെ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തത്. ചിന്നക്കനാല്‍ സൂര്യനെല്ലി വെള്ളൂക്കുന്നേല്‍ സഖറിയ ജോസഫ്, ഭാര്യ മേരി, ഇവരുടെ മക്കളും മരുമക്കളുമായ ജിജി, ബോബി, ജോസ്, ലിലു, ടോമി, ടെസി ജിമ്മി, ബെറ്റാ ബോബി, ലിസാ ടോം, ഗ്രേയ്‌സി, റോസമ്മ എന്നിങ്ങനെ 13 പേര്‍ക്കെതിരെയാണ് കേസ്. എന്നാല്‍, കേസെടുത്ത വിവരം സിപിഎമ്മുകാരുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരിടപെട്ട് ഒതുക്കി.
2017ന് നിലവില്‍ വന്ന ലാന്‍ഡ് ബോര്‍ഡില്‍ ഏഴ് അംഗങ്ങളാണുള്ളത്. ഡെപ്യൂട്ടി കളക്ടറാണ് ചെയര്‍മാന്‍. ഡെപ്യൂട്ടി തഹസില്‍ദാറും ഉദ്യോഗസ്ഥ പ്രതിനിധിയായി ബോര്‍ഡിലുണ്ട്. ജനപ്രതിനിധികളായ ജി.എന്‍. ഗുരുനാഥന്‍, കെ.പി. അനില്‍ (ഇരുവരും സിപിഐ), പി.എം.എം. ബഷീര്‍ (സിപിഎം), സേനാപതി വേണു (കോണ്‍ഗ്രസ്), വി.എ. കുഞ്ഞുമോന്‍ (എന്‍സിപി) എന്നിവരുള്‍പ്പെട്ട ബോര്‍ഡാണ് വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കാന്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ഹിയറിങ്ങിന് ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിവില്‍ കോടതിയുടെ അധികാരമുള്ള ലാന്‍ഡ് ബോര്‍ഡ് വിധിക്കെതിരെ ഹൈക്കോടതിയിലെ അപ്പീല്‍ നല്‍കാനാകു.
















