പൂവാര്‍: കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോഴും കണ്മുന്നില്‍ ജലസംഭരണി ഉണ്ടായിട്ടും കണ്ടുനില്‍ക്കാനെ പൂവാര്‍ നിവാസികള്‍ക്ക് സാധിക്കുന്നുള്ളൂ. കൊടുംവരള്‍ച്ചയിലും ജലം വറ്റാതെ നിലനില്‍ക്കുന്ന കനാല്‍ പക്ഷേ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാര്‍ത്താണ്ഡവര്‍മയുടെ കാലത്തു നിര്‍മിച്ച ചകിരിയാര്‍ ആണ് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി നശിക്കുന്നത്.
പണ്ട് പൂവാര്‍ നിവാസികള്‍ വരള്‍ച്ചാ സമയത്ത് കുടിക്കാനും കുളിക്കാനും മറ്റും ഉപയോഗിച്ചിരുന്നത് ഈ കനാലിലെ വെള്ളമായിരുന്നു. എത്ര വലിയ വരള്‍ച്ചയിലും ഈ കനാലില്‍ ജലം സുലഭമായിരുന്നു. പക്ഷേ ഇന്ന് ഈ കനാലിലെ വെള്ളം ജനങ്ങള്‍ കൃഷിക്ക് പോലും ഉപയോഗിക്കുന്നില്ല. മാലിന്യം നിറഞ്ഞ് കൊതുകുകള്‍ മുട്ടയിട്ടു വലിയൊരു മാലിന്യക്കൂമ്പാരം ആയിരിക്കുകയാണ് ഈ കനാല്‍.
കനാലിന്റെ ഈ ദുരവസ്ഥയ്‌ക്ക് കാരണം പഞ്ചായത്തിന്റെ ഭരണപ്പിഴവുകളാണ്. കനാലിന്റെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് ഉടമകള്‍ക്ക് മാലിന്യം നിക്ഷേപിക്കാന്‍ കനാലില്‍ സൗകര്യം പഞ്ചായത്ത് ഒരുക്കികൊടുക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഈ കനാലിനെ മാലിന്യത്തില്‍ നിന്ന് മുക്തമാക്കിയാല്‍ വലിയ തോതില്‍ ജലക്ഷാമം പരിഹരിക്കപ്പെടും.
















