മലപ്പുറം: മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാക്കളെ തെരഞ്ഞെടുത്തതില്‍ ഒരു വിഭാഗത്തിന് അതൃപ്തി. സീനിയോറിറ്റി മറികടന്ന് ചിലര്‍ക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കിയെന്ന പരാതി പാര്‍ട്ടിക്കുള്ളില്‍ ശക്തമായി. വി.കെ.ഇബ്രാഹിം കുഞ്ഞിനെ നിയസഭാകക്ഷി ഉപനേതാവാക്കിയതിനെതിരെ ടി.എ.അഹമ്മദ് കബീര്‍ വിഭാഗം രംഗത്തെത്തി.
എം.കെ.മുനീര്‍ നിയമസഭാകക്ഷി നേതാവായതോടെ ഒഴിവുവന്ന നിയമസഭാകക്ഷി ഉപനേതാവ് സ്ഥാനത്തിന് അഹമ്മദ് കബീര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ വി കെ ഇബ്രാഹിംകുഞ്ഞിനെയാണ് പാര്‍ട്ടി പരിഗണിച്ചത്. അഹമ്മദ് കബീറിനെ സെക്രട്ടറിയായും നിയമിച്ചു. പാര്‍ട്ടിയില്‍ തന്നേക്കാള്‍ ജൂനിയറായ ഇബ്രാഹിംകുഞ്ഞിനെ ഉപനേതാവാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അഹമ്മദ് കബീറിന്റെ നിലപാട്.
അഹമ്മദ് കബീര്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചെന്ന് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുഞ്ഞാലിക്കുട്ടി എംപിയായതോടെ കേരളത്തിലെ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ നേതാക്കന്മാര്‍ തമ്മില്‍ മത്സരം നടക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം.
















