ഇടുക്കി: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്തെങ്കിലും ഈ ഭൂമി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. പ്രദേശത്ത് വീണ്ടും കുരിശ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നതായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴും റവന്യൂ സംഘം ഇത് സംബന്ധിച്ച് നിലപാട് സ്വീകരിച്ചിട്ടില്ല.
വിദൂരമായ സ്ഥലത്ത് പണി നടത്തിയാല്‍ തന്നെ ദിവസങ്ങള്‍ കഴിഞ്ഞേ റവന്യൂ സംഘം അറിയൂ. ഈ പ്രദേശത്ത് ഭൂസംരക്ഷണ സേനയുടെ ക്യാമ്പ് തുറക്കണമെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്. കുരിശ് നീക്കിയ സംഭവത്തില്‍ സിപിഎം ജില്ലാഘടകം പരസ്യ എതിര്‍പ്പുമായി രംഗത്തുള്ളതിനാല്‍ പ്രദേശം വീണ്ടും സംഘര്‍ഷത്തിലാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
സര്‍ക്കാര്‍ ഭൂമി വേലി കെട്ടി സംരക്ഷിക്കാന്‍ ലാന്റ് ബാങ്കില്‍ നിന്ന് പണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.
















