ന്യൂദല്‍ഹി: ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിനു കാരണം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് ദല്‍ഹി യൂത്ത് കോണ്‍ഗ്രസ് മുന്‍പ്രസിഡന്റ് അമിത് മാലിക്ക്. ഇയാള്‍ ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു.
സീറ്റ് നല്‍കുന്നതില്‍ കാണിക്കുന്ന കാര്‍ക്കശ്യമാണ് പലരും പാര്‍ട്ടി വിടാന്‍ കാരണം. മൂന്നു വര്‍ഷമായി മുങ്ങുന്ന കപ്പലിനെ രക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് കഠിന ശ്രമം നടത്തിവരികയാണ്. കോണ്‍ഗ്രസിന്റെ പ്രസക്തി കാത്തു സൂക്ഷിക്കാന്‍ അനവധി ധര്‍ണ്ണകളാണ് യൂത്ത് വിഭാഗം നടത്തിയത്. എന്നാല്‍ 20 യൂത്ത് നേതാക്കള്‍ക്ക് മല്‍സരിക്കാന്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ അത് കോണ്‍ഗ്രസ് നിഷേധിച്ചു. അമിത് മാലിക്ക് പറഞ്ഞു. ഞങ്ങള്‍ അജയ് മാക്കന്റെ (കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍) കാലില്‍ വീണു, എന്നിട്ടും ഞങ്ങളെ ചെവിക്കൊണ്ടില്ല. രാഹുല്‍ ഞങ്ങളുടെ അഭ്യര്‍ത്ഥന കേട്ടില്ല. അതിനാലാണ് ഞങ്ങള്‍ പാര്‍ട്ടി വിട്ടത്. മാലിക്ക് പറഞ്ഞു.
നേതാക്കള്‍ പാര്‍ട്ടി വിടുന്നതിന് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കനാണ് ഉത്തരവാദിയെന്ന് മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് അവര്‍ എന്നോടൊപ്പം 15 വര്‍ഷം പ്രവര്‍ത്തിച്ചു. അവര്‍ പാര്‍ട്ടി വിട്ടില്ലല്ലോ… മാക്കനെ വിമര്‍ശിച്ച് ഷീല പറഞ്ഞു. പാര്‍ട്ടി സംവിധാനമാണ് നേതാക്കള്‍ വിട്ടുപോകാന്‍ കാരണം. എല്ലാവര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ മാക്കന്‍ തയ്യാറല്ല. അതിനാല്‍ മിക്കവരും നിരാശയിലാണ്. ഷീല പറഞ്ഞു.
മാലിക്കും നാല് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിങ് ലൗലിയും അടക്കമുള്ള നേതാക്കളാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.
















