കൊച്ചി: ക്ഷേത്ര ഭരണം റാഞ്ചാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ രാഷ്‌ട്രീയ നീക്കം ചെറുത്ത് എറണാകുളം തിരുമല ദേവസ്വം ക്ഷേത്ര സമിതി. നിയമപരമായും രാഷ്‌ട്രീയമായും പ്രതിരോധത്തിന് ഹിന്ദു സംഘടനകളും ക്ഷേത്ര സമിതിയും പ്രവര്‍ത്തനം തുടങ്ങി.
മെയ് 14ന് മട്ടാഞ്ചേരി ടിഡി സ്‌കൂള്‍ മൈതാനിയില്‍ ചേരുന്ന കൂറ്റന്‍ പ്രതിഷേധ സമ്മേളനത്തില്‍ കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു, ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഗൗഡ സാരസ്വത ബ്രാഹ്മണസഭയുടെ സംസ്ഥാന സമ്മേളനവുമാണ് അന്ന്.
ഹിന്ദു ഐക്യവേദിയും വിവിധ സ്വതന്ത്ര ഹിന്ദു സംഘടനകളും തിരുമല ദേവസ്വത്തിനു പിന്തുണ പ്രഖ്യാപിച്ചു. തിരുമല ക്ഷേത്രത്തിനു മേലുള്ള പിടിച്ചെടുക്കല്‍ നീക്കം മത-ആരാധനാ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ശക്തമായ സമരത്തിന് രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കി.
സിപിഎമ്മിന്റെ ആസൂത്രിത പദ്ധതിയാണ് ക്ഷേത്രം ഏറ്റെടുക്കല്‍. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയവര്‍ ഇടതുപക്ഷ പ്രവര്‍ത്തകരാണ്.
സിപിഎം ലോക്കല്‍ സെക്രട്ടറിയാണ് ഒപ്പിട്ടവരുടെ നേതാവ് പ്രഭാകര നായ്‌ക്. സിപിഎം മുന്‍ ഏരിയ സെക്രട്ടറി കെ.എന്‍. ഉണ്ണിക്കൃഷ്ണനാണ് ദേവസ്വം ബോര്‍ഡംഗം. കൊച്ചി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സിപിഐ നേതാവാണ്. ക്ഷേത്ര സമിതിക്കെതിരേ നല്‍കിയ പരാതിയിലെ മുഖ്യ ആക്ഷേപങ്ങളിലൊന്ന് സമിതി ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ്.
















