കോഴിക്കോട്: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിന്റെ ബന്ധു ടി.പി. നൗഷാദ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പരാതി നല്‍കിക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനെന്ന വ്യാജേന നൗഷാദ് ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി 55 ഏക്കര്‍ ഭൂമി തട്ടിയെടുത്തുവെന്ന പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. ചില ഫയലുകള്‍ വിശദപരിശോധനക്കായി അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയച്ചു. ഈ നടപടി ഏകപക്ഷീയവും ക്രൈംബ്രാഞ്ചിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധവുമാണെന്ന് ആക്ഷന്‍ കമ്മറ്റി ആരോപിച്ചു.
ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ കരീമും നൗഷാദും ആരോപണ വിധേയമായ കേസില്‍ പോലീസ് അവര്‍ക്കനുകൂലമായി റിപ്പോര്‍ട്ട് നല്‍കി . 2015 മെയ് 25ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ടി. ബാലന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ടി.പി. നൗഷാദ് നടത്തിയ തട്ടിപ്പുകള്‍ വിവരിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണ പുരോഗതി ഉണ്ടാകാതിരുന്നപ്പോള്‍ തട്ടിപ്പിനിരയായവര്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബാലനെ നീക്കി.
തുടര്‍ന്നുവന്ന ഡിവൈഎസ്പി അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു പകരം പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചു. അതിന് തെളിവാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ വി.പി. മൊയ്തീന്‍കുട്ടി ഹാജി, എ.പി. വേലായുധന്‍, എം.പി. സുബൈര്‍, എന്‍. അഷറഫ്, ഷബീര്‍ അലി, ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















