കൊച്ചി: വൈദ്യുതി നിരക്ക് വര്‍ധനയുടെ പ്രയോജനം കൂടുതല്‍ ലഭ്യമാക്കാനായി കേടായ മീറ്ററുകള്‍ കെഎസ്ഇബി മാറ്റിത്തുടങ്ങി. നേരത്തെ ഉപഭോക്താക്കള്‍ പണം നല്‍കി മീറ്റര്‍ വാങ്ങി നല്‍കിയാലേ കേടായവ കെഎസ്ഇബി മാറ്റിവെച്ചിരുന്നുള്ളൂ. നിരക്ക് വര്‍ധന പ്രാബല്യത്തിലായതോടെ കെഎസ്ഇബി സ്വന്തം ചെലവിലാണ് മീറ്ററുകള്‍ മാറ്റി നല്‍കുന്നത്. മാസം മീറ്റര്‍ വാടകയായി ഉപയോക്താവ് 20 രൂപ നല്‍കണമെന്നുമാത്രം.
കേടായ മീറ്ററുകള്‍ മാറ്റാനായി ഉപഭോക്താക്കള്‍ അപേക്ഷ നല്‍കിയാലും നേരത്തെ കെഎസ്ഇബി പരിഗണിച്ചിരുന്നില്ല. 800 രൂപ അടച്ച് മീറ്റര്‍ വാങ്ങി നല്‍കിയാല്‍ മാറ്റി സ്ഥാപിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇങ്ങനെ മാറ്റി വാങ്ങുമ്പോള്‍ മാസവാടകയിനത്തിലുള്ള 20 രൂപ ബില്ലില്‍ കുറവ് ചെയ്തു നല്‍കും. എന്നാല്‍, ഒരുമിച്ച് പണം മുടക്കാനില്ലാത്തതിനാല്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും മീറ്റര്‍ മാറ്റിവെക്കാന്‍ തയ്യാറായിരുന്നില്ല. കൂടാതെ, തകരാറിലായ മീറ്ററുപയോഗിച്ച് പലരും വൈദ്യുതി ദുരുപയോഗവും നടത്തി.
മീറ്റര്‍ പ്രര്‍ത്തിച്ചിരുന്ന കാലയളവിലെ അവസാന ബില്‍ തുകയാണ് കേടായ മീറ്ററുള്ള ഉപഭോക്താക്കള്‍ നല്‍കിയിരുന്നത്. വേനല്‍ കടുത്തതോടെ കേടായ മീറ്ററുള്ള വീട്ടുകാരില്‍ ഭൂരിഭാഗത്തിന്റെയും വൈദ്യുതി ഉപയോഗം ഗണ്യമായി കൂടി. ഫാനും എസിയും പ്രവര്‍ത്തിപ്പിക്കുന്നതിനുപുറമെ മോട്ടോര്‍ ഉപയോഗിച്ചുള്ള പമ്പിങ്ങും കേടായ മീറ്ററിന്റെ മറവില്‍ ആളുകള്‍ കൂടുതല്‍ ദുരുപയോഗം ചെയ്തു.
ഇതാണ് കെഎസ്ഇബി ഇടപെടലിന് കാരണമായത്. ഓരോ വൈദ്യുതി സെക്ഷന്റെ പരിധിയിലും 300 മുതല്‍ ആയിരത്തിനുമുകളില്‍ വരെ മീറ്ററുകള്‍ കേടായിട്ടുണ്ടെന്നാണ് കണക്ക്. കേടുവന്ന മീറ്ററുകള്‍ മാറ്റിയില്ലെങ്കില്‍ നിരക്ക് വര്‍ധനയുടെ പ്രയോജനം കിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
















