കൊച്ചി: കടല്‍ മണല്‍ ഖനനത്തിന്റെ സാധ്യത പഠിക്കാനായി സംസ്ഥാന ബജറ്റില്‍ പണം നീക്കിവെച്ച നടപടിക്കെതിരെ ഇടതുപക്ഷത്ത് ഭിന്നത രൂക്ഷമായി. ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതിക്കുവേണ്ടിപണം നീക്കിവെച്ചതിനെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷനും(എഐടിയുസി) സിപിഐ നേതാക്കളും രംഗത്തെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ കടല്‍മണല്‍ ഖനനത്തിനെതിരെ സമരം ചെയ്ത പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഖനനത്തിന് അനുകൂലമായ നടപടിയെടുത്തെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്‌ക്ക് പിന്നാലെയാണ് ഖനനത്തിന് അനുകൂല തീരുമാനം ഉണ്ടായതെന്നതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
സംസ്ഥാന ബജറ്റിലെ കടല്‍മണല്‍ പദ്ധതിയുടെ പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ദേശിയ സെക്രട്ടറിയും സിപിഐ നേതാവുമായ പി. രാജു വ്യക്തമാക്കി. ഇടതുമുന്നണിയില്‍പ്പോലും ചര്‍ച്ച ചെയ്യാതെയാണ് അപ്രായോഗികമായ പദ്ധതിക്ക് പണം ചെലവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തീരമേഖലയ്‌ക്കാകെ ഭീഷണി ഉയര്‍ത്തുന്നതാണ് കടല്‍മണല്‍ ഖനന പദ്ധതിയെന്നാണ് ആരോപണം. 2003 ജനുവരിയില്‍ ബഹറിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ മണല്‍ ഖനനത്തിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ക്കൊപ്പം ശക്തമായ സമരമാണ് എല്‍ഡിഎഫ് മണല്‍ ഖനനത്തിനെതിരെ സംഘടിപ്പിച്ചത്. തുടര്‍ന്ന് അന്ന് സാധ്യതാപഠനം വേണ്ടെന്നുവെച്ചു. എന്നാല്‍ 14 വര്‍ഷംമുമ്പ് ഉപേക്ഷിച്ച പദ്ധതി, അതിനെതിരെ സമരം ചെയ്തവര്‍തന്നെ നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്.
കേരളത്തിലെ നിര്‍മാണ മേഖലയിലെ പ്രതിസന്ധിയും വികസനവും ഉയര്‍ത്തികാട്ടിയാണ് ഖനനപദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ 10 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തേയും ടൂറിസത്തേയും ജൈവവൈവിധ്യത്തേയും പ്രതികൂലമായി ബാധിക്കുന്നതാണ് ഖനനമെന്ന് ഈ മേഖലിയിലുള്ളവര്‍ ചൂണ്ടികാട്ടുന്നു. മത്സ്യത്തൊഴിലാളി ഐക്യവേദിയും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുണ്ട്.
















