ആലപ്പുഴ: മദ്യശാലകള്‍ തുറക്കുന്നതിനെതിരായ സമരത്തിന് നേതൃത്വം നല്‍കുന്നത് പാതിരി വേഷം കെട്ടിയ ചിലരാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. ബിജെപിക്കാരും കോണ്‍ഗ്രസുകാരുമായ ചിലരാണ് പാതിരി വേഷം കെട്ടി സമരത്തിനുള്ളത്. സംസ്ഥാനത്ത് ആയിരക്കണക്കിന് പാതിരിമാരുണ്ട്. അവരില്‍ പത്തില്‍ താഴെ പേര്‍ മാത്രമാണ് സമരവുമായി രംഗത്തുള്ളത്. തൊണ്ണൂറ് ശതമാനം പേരും സമരത്തോട് സഹകരിക്കുന്നില്ലെന്നും സജി ചെറിയാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വ്യക്തിപരമായി മേനി നടക്കാനാണ് ചിലര്‍ സമരവുമായി എത്തിയിട്ടുള്ളത്. ഇവരില്‍ പലരും വില കൂടിയ മദ്യം രഹസ്യമായി കഴിക്കുന്നവരാണ്. പാവപ്പെട്ടവര്‍ക്ക് നല്ല മദ്യം ലഭിക്കാനുള്ള അവസരമാണ് ഇവര്‍ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുന്നത്. മദ്യശാലകള്‍ക്കെതിരെയുള്ള സമരം സിപിഎമ്മുകാരായ ജനപ്രതിനിധികളും പ്രവര്‍ത്തകരും ഉടന്‍ അവസാനിപ്പിക്കണം, അല്ലാത്ത പക്ഷം അവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
















