ന്യൂയോര്‍ക്ക്: വയോധികനെ വെടിവച്ചു കൊന്ന ശേഷം വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് പോലീസ് പിന്തുടരുന്നതിനിടെ കാറപകടത്തില്‍ മരിച്ചു. യുഎസിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. ഈസ്റ്റര്‍ ദിനത്തില്‍ റോബര്‍ട്ട് ഗോഡ്‌വിനെ (74) കൊലപ്പെടുത്തിയ സ്റ്റീവ് സ്റ്റീഫന്‍സ് (37) ആണ് മരിച്ചത്.
അതേസമയം, കാര്‍ ഓടിക്കുന്നതിനിടെ സ്റ്റീവ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫേസ്ബുക്കില്‍ ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് നിയന്ത്രിക്കുമെന്ന് കൊലപാതകത്തില്‍ ഖേദം പ്രകടിപ്പിച്ച സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.
പെന്‍സില്‍വാനിയയ്‌ക്കു സമീപം മക്‌ഡൊണാള്‍ഡ് റസ്റ്ററന്റില്‍ എത്തിയ സ്റ്റീവിനെ അവിടത്തെ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. അവര്‍ പോലീസിനെ വിവരമറിയിച്ചു. ഭക്ഷണം നല്‍കുന്നത് വൈകിപ്പിച്ചു. എന്നാല്‍, സംശയം തോന്നിയ സ്റ്റീവ് കടയില്‍ നിന്നിറങ്ങി കാറില്‍ കയറി പോയി. പിന്നാലെയെത്തിയ പോലീസ് ഇയാളെ പിന്തുടര്‍ന്നെങ്കിലും നിയന്ത്രണംവിട്ട് കാര്‍ മറിഞ്ഞു.
വിശദമായ പരിശോധനയിലാണ് പിസ്റ്റള്‍ കണ്ടെത്തിയത്. പിടിയിലാകുമെന്നുറപ്പായപ്പോള്‍ സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
ക്ലീവ്‌ലാന്‍ഡില്‍ ഈസ്റ്റര്‍ ദിനത്തിലാണ് റോബര്‍ട്ടിനെ ഇയാള്‍ വെടിവച്ചു കൊന്നത്.
വഴിയരികിലൂടെ നടക്കുമ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ മുന്‍പരിചയമില്ല. ഫേസ്ബുക്കിലിട്ട വീഡിയോ മണിക്കൂറുകള്‍ അവിടെത്തന്നെയുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് സുക്കര്‍ബെര്‍ഗ് ക്ഷമാപണവുമായെത്തിയത്.
















