കോഴിക്കോട്: തീരദേശ മേഖലയിലെ ഹാര്‍ബറുകളുടെ നടത്തിപ്പിന് മുനമ്പം മാതൃകയില്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. മത്സ്യ ലേലം, വിപണനം, ഗുണനിലവാരം, ശുചിത്വം, മത്സ്യത്തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, എന്നിവ മുന്‍നിര്‍ത്തിയാണ് സൊസൈറ്റി രൂപീകരിക്കുക.
12 വര്‍ഷമായി മുനമ്പം ഹാര്‍ബറില്‍ വിജയകരമായി നടക്കുന്ന ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ ചുവട് പിടിച്ചാണ് പതിനഞ്ചോളം പുതിയ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികള്‍ രൂപീകരിക്കുക. കളക്ടര്‍ ചെയര്‍മാനും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വൈസ് ചെയര്‍മാനും, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍, എംപിഇഡിഎ (മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി) പ്രതിനിധി, എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ അതോറിറ്റി അംഗം, സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ബോട്ടുടമകള്‍ അടക്കം നാല് അംഗങ്ങള്‍ എന്നിവരടങ്ങുന്നതായിരിക്കും ഗവേണിംഗ് കൗണ്‍സില്‍.
മത്സ്യ വിപണന മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക, ഹാര്‍ബറുകളില്‍ ശുചിത്വവും ഗുണമേന്മയും ഉറപ്പാക്കുക, കയറ്റുമതിക്കാവശ്യമായ ഗുണനിലവാരം ഉറപ്പാക്കുക എന്നിവയായിരിക്കും സൊസൈറ്റികളുടെ മുന്‍ഗണന. കമ്മിറ്റിയില്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മത്സ്യം ശുചീകരിക്കുന്നതിന് ശുദ്ധജലം ഉപയോഗിക്കണം, ഹാര്‍ബറുകള്‍ പുകയില, പ്ലാസ്റ്റിക് വിരുദ്ധ മേഖലയാക്കും തുടങ്ങി നിരവധി നടപടികള്‍ ഇതിന്റെ ഭാഗമായുണ്ടാകും. മത്സ്യത്തൊഴിലാളികളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യവും സൊസൈറ്റിയുടെ പരിഗണനയിലുണ്ടാവും.
മുനമ്പത്ത് പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. ലാഭേച്ഛയില്ലാതെയാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. മത്സ്യ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തിലും ഗുണകരമായ മാറ്റം ഉറപ്പു വരുത്താന്‍ സൊസൈറ്റികളുടെ പ്രവര്‍ത്തനം ഈ മേഖലയിലേക്കും വിപുലപ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. അനാരോഗ്യകരമായ രീതിയില്‍ മത്സ്യം സൂക്ഷിക്കുന്നതും വിപണനം ചെയ്യുന്നതും തടയാന്‍ നിലവില്‍ സംവിധാനങ്ങളില്ല. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ എപ്പോഴെങ്കിലും നടക്കുന്ന പരിശോധന മാത്രമാണ് നിലവിലുള്ളത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ഭക്ഷ്യയോഗ്യമല്ലാത്ത രീതിയില്‍ സൂക്ഷിച്ച മത്സ്യങ്ങള്‍ വിപണനം ചെയ്യുന്നത് തടയാനാവുന്നില്ല. മത്സ്യഫെഡിന്റെ അടക്കം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പരിശോധന കാര്യക്ഷമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മത്സ്യ ലേലം, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
















