ന്യൂദല്‍ഹി : പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിസാ നിയമങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് യുഎസില്‍ താമസമാക്കിയ ഇന്ത്യക്കാര്‍ രാജ്യത്തേയ്‌ക്ക് തിരിച്ചു വരാനുള്ള ശ്രമത്തില്‍. എച്ച്1ബി വിസ ചട്ടങ്ങള്‍ കര്‍ശ്ശനമാക്കിയതോടെ നാട്ടില്‍ ജോലിക്കായി അന്വേഷണം നടത്തുന്ന യുഎസിലെ ഇന്ത്യക്കാരുടെ എണ്ണം പത്ത് മടങ്ങാണ് വര്‍ധിച്ചത്.
ഡിസംബര്‍- മാര്‍ച്ച് കാലയളവിലാണ് തൊഴിലന്വേഷകരുടെ എണ്ണം ഇത്രയും വര്‍ധിച്ചത്. 2016 ഡിസംബറില്‍ യുഎസില്‍ താമസമാക്കിയിട്ടുള്ള 600ഓളം പേരാണ് ഇന്ത്യയില്‍ ജോലി അന്വേഷിച്ചിരുന്നത്. 2017 മാര്‍ച്ച് എത്തിയപ്പോള്‍ ഇത് 7000 ആയി ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എച്ച്1ബി വിസ നിയമം കര്‍ശ്ശനമാക്കിക്കൊണ്ടുള്ള ട്രംപിന്റെ നീക്കം സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള നിരവധിയാളുകള്‍ക്കാണ് തിരിച്ചടിയായത്. യുഎസ് കമ്പനികളില്‍ സ്വദേശീയരായിട്ടുള്ളവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിനായാണ് ട്രംപിന്റെ ഈ ഉത്തരവ്.
അതേസമയം ഇത് യുഎസ് കമ്പനികളെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ്. വിദേശീയരെ ഒഴിവാക്കുകയാണെങ്കില്‍ ഈ ഒഴിവിലേക്ക് യുഎസില്‍ നിന്നുള്ളവരെ തന്നെ കണ്ടത്തണം. നിലവില്‍ ആവശ്യമുള്ളതിനേക്കാള്‍ താഴെയാണ് അവിടുത്തെ സാങ്കേതിക വിദഗ്ധരുടെ എണ്ണം. ഇതു കുടാതെ വിദേശ ജീവനക്കാര്‍ക്ക് നല്‍കുന്ന തുകയില്‍ കൂടുതല്‍ ഇവര്‍ക്ക് പ്രതിഫലവും നല്‍കണം.
ആസ്‌ട്രേലിയയിലേക്ക് കുടിയേറി താമസിക്കുന്നതിനുള്ള 457 വിസ നിയമവും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇത്തരത്തില്‍ യുഎസും ആസ്‌ട്രേലിയയും വിസ നിയമങ്ങള്‍ കര്‍ശ്ശനമാക്കിയതോടെ ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ തിരിച്ചു വരുമെന്ന സ്ഥിതിയാണ്. രാജ്യത്തെ തൊഴിലില്ലായ്‌മ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ആസ്‌ട്രേലിയ 457 വിസ നിയമം റദ്ദാക്കിയത്.
















