നിലമ്പൂര്‍: നഗരസഭാ പരിധിയില്‍ റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതിനു നേരത്തെയെടുത്ത തീരുമാനങ്ങള്‍ അട്ടിമറിച്ചുകൊണ്ടു ഉദ്യോഗസ്ഥ, ഭരണസമിതി കൂട്ടുകെട്ട് നടത്തിയ ഇടപാടില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് നഗരസഭാംഗങ്ങളില്‍ ചിലര്‍ പരാതി നല്കി. നഗരകാര്യ ഡയറക്ടര്‍ക്കും വകുപ്പു മന്ത്രിക്കും നഗരസഭാംഗങ്ങളായ പി.എം.ബഷീര്‍, മുസ്തഫ കളത്തുംപടി, പി.ഗോപാലകൃഷ്ണന് എന്നിവരാണ് പരാതി നല്‍കിയത്. നഗരസഭാ പരിധിയില്‍ ഒരു മീറ്റര്‍ സ്ഥലത്ത് കേബിളിടുന്നതിന് 750 രൂപ പ്രതിവര്‍ഷം കണക്കാക്കി മൂന്നു വര്‍ഷത്തെ തറവാടക മുന്‍കൂറായി ഈടാക്കാനാണ് ഭരണസമിതി തീരുമാനിച്ചത്.
റോഡ് കട്ടിംഗ് ചാര്‍ജ് പുറമെയും കണക്കാക്കി. ചുമതലപ്പെടുത്തിയ സെക്രട്ടറിയും പ്രസിഡന്റും വിവരങ്ങള്‍ ഒരു വര്‍ഷം ഭരണസമിതിക്ക് മുന്നില്‍ നിന്നു മറച്ചു പിടിച്ചത് ദുരൂഹമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നാലുകോടിയോളം പണം അടക്കേണ്ട സ്ഥാനത്ത് കേവലം 68 ലക്ഷമാണ് അടച്ചത്.
ഇതിന്റെ എസ്റ്റിമേറ്റ് നഗരസഭാ എഞ്ചിനിയറുടെ നേതൃത്വത്തില്‍ തയാറാക്കിയത് ഭരണസമിതിയുടെ അറിവോടെയാണ്.
എസ്റ്റിമേറ്റ് തയാറാക്കി 68,47,500 അടച്ചത് 2017 മാര്‍ച്ച് ഒന്‍പതിലെ നഗരസഭാധ്യക്ഷയുടെ മുന്‍കൂര്‍ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മുന്‍കൂര്‍ അനുമതി നല്കിയാല് അത് തൊട്ടടുത്ത സാധാരണ യോഗത്തില്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നിരിക്കെ നാല് സാധാരണ യോഗങ്ങളും രണ്ട് അടിയന്തിര യോഗങ്ങളും ചേര്‍ന്നെങ്കിലും ഈ മുന്‍കൂര്‍ അനുമതി ചര്‍ച്ച ചെയ്ത് കൃത്യത വരുത്താതിനാല്‍ തീരുമാനം സ്വമേധയാ ഇല്ലാതാവുമെന്നും പരാതിയില്‍ പറയുന്നു. കൂടാതെ തറവാടക ഈടാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടുമില്ല. പ്രവര്‍ത്തനാനുമതി വാങ്ങാതെ റിലയന്‍സ് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തതിനെതിരെ നിലമ്പൂര്‍ പോലീസില്‍ പരാതി നല്കാന് ഏപ്രില്‍ 11ലെ കൗണ്‍സില്‍ ഐക്യകണ്ഠേന തീരുമാനിച്ച് 96 മണിക്കൂര്‍ കഴിഞ്ഞിട്ടും നഗരസഭ പരാതി നല്‍കാത്തത് അംബാനിമാരെ രക്ഷിക്കാനാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്.
അന്നത്തെ തീരുമാനപ്രകാരം വകുപ്പുതല അന്വേഷണത്തിനു കത്തെഴുതാന്‍ നഗരസഭ തയാറാകാത്തതിനാലാണ് തങ്ങള്‍ കത്തെഴുതുന്നതെന്ന് അംഗങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: