മലപ്പുറം: ജില്ലയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെ അതിക്രമം വര്‍ധിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമീപകാലത്തായി നിരവധി ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടന്നു. ഇത്തരം കേസുകളില്‍ പോലീസ് അനാസ്ഥ തുടരുകയാണ്. ക്രിയാത്മകമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണം.
ആധുനിക സാങ്കേതിക വിദ്യകളിലൂടെ തെളിവുകള്‍ നശിപ്പിക്കപ്പെട്ട കേസുകള്‍ പോലും തെളിയിക്കുന്ന പോലീസ്, ക്ഷേത്രങ്ങളില്‍ നടക്കുന്ന അക്രമങ്ങളിലും കവര്‍ച്ചകളിലും പ്രതികളെ പിടികൂടാത്തത് വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു.
അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ ഗോപുരവാതില്‍ തീവെച്ച സംഭവം, ചമ്രവട്ടം അയ്യപ്പക്ഷേത്രം അഗ്നിക്കിരയാക്കിയത്, മാസങ്ങള്‍ക്ക് മുമ്പ് വാണിയമ്പലം ബാണാപുരം ത്രിപുര സുന്ദരി ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം എന്നിവയിലൊന്നും പ്രതികളെ പിടികൂടിയിട്ടില്ല.
പോലീസ് നിസംഗത അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.സി.വി.നമ്പൂതിരി, എം.കൃഷ്ണപ്രഗീഷ്, ജില്ലാ പ്രസിഡന്റ് കെ.പി.ശിവരാമന്, കെ.എ.മോഹനന്, പി.പി.മോഹന്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: