പാലക്കാട് : ഡെങ്കിപ്പനി പകര്‍ത്തുന്ന ഈഡിസ് കൊതുകുകളും അവയുടെ ഉറവിടങ്ങളും നിര്‍മാര്‍ജനം ചെയ്യുകയാണ് ഫലപ്രദമായ നടപടി. രോഗബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം സംഭരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങളിലാണ് ഈഡിസ് കൊതുകുകള്‍ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. അതിനാല്‍ ഇത്തരം പാത്രങ്ങള്‍ അടച്ച് സൂക്ഷിക്കുകയും വെള്ളം നിശ്ചിത ഇടവേളകളില്‍ അരിച്ച് ശുദ്ധീകരിക്കുയും വേണം. ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ പ്രധാനമായും ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്.
ലക്ഷണങ്ങള്‍: ശക്തമായ പനി, ശരീര വേദന, തലവേദന (പ്രത്യേകിച്ച് കണ്ണിന് പുറകിലുള്ള വേദന), ശരീരത്തില്‍ ചുവന്ന തിണര്‍പ്പുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. സാധാരണ ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം ഉണ്ടായാല്‍ അത് രക്തസ്രാവത്തിന് ഇടയാക്കുന്ന ഡെങ്കിപ്പനിയായി മാറിയേക്കാം. വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം :കുടിവെള്ള സംഭരണികള്‍ കൂടാതെ ഫ്രിഡ്ജിലെ ട്രേ, വെള്ളം കെട്ടിനില്‍ക്കുന്ന കളിപ്പാട്ടങ്ങള്‍, മറ്റ് പ്ലാസ്റ്റിക് വസ്തുക്കള്‍, മുട്ടത്തോട്, ചെടികള്‍ നട്ടുവളര്‍ത്തിയിരിക്കുന്ന ചട്ടികള്ക്കടിയിലെ ട്രേ, ടെറസ്സിലും സണ്‍ഷേഡിലും വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍, ഉപയോഗിക്കാത്ത ടോയ്ലറ്റുകളിലെ ക്ളോസറ്റുകള്‍ എന്നിവയും പ്രധാന ഉറവിടങ്ങളാകാം. ഇവ ആഴ്ച്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കി ഉറവിട നിര്‍മാര്‍ജനം നടത്തണം. ഇടവിട്ടുള്ള മഴ ഉണ്ടായാല്‍ ഉറവിടങ്ങളില്‍ വെള്ളം ശേഖരിക്കപ്പെടുകയും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിനും രോഗം കൂടുതല്‍ വ്യാപമാകുന്നതിനും ഇടയാകാം. അതിനാല്‍ ഇത്തരം സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും ഇതിന് പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുകയും അനിവാര്യമാണ്. ഉണങ്ങിയ കവുങ്ങിന് പാളകള്‍, കരിക്കിന്റെ തൊണ്ട്, റബ്ബര്‍ എസ്റ്റേറ്റുകളില്‍ റബ്ബര്‍ പാല് ശേഖരിക്കുന്ന ചിരട്ടകള്‍, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ടയറുകള്‍ എന്നിവയും ഇത്തരം ഉറവിടങ്ങളില്‍ ഉള്‍പ്പെടാം.
ഗപ്പി മത്സ്യം വളര്‍ത്താം: ശുദ്ധജല സ്രോതസ്സുകളില്‍, ഈഡിസ് കൊതുകുകളുടെ കൂത്താടികളെ ഭക്ഷിച്ച് നശിപ്പിക്കുന്ന ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കുന്നതും ഫലപ്രദമായ നടപടിയാണ്. ഇതിനാവശ്യമായ ഗപ്പി മത്സ്യങ്ങളെ അടുത്തുളള പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കും. കൂടുതലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫോഗിങും സ്പ്രേയിങും നടത്തുന്നുണ്ട്. ഇതിനോട് പൊതുജനങ്ങള്‍ സഹകരിക്കണം.
വ്യക്തിഗത സുരക്ഷിതമാര്‍ഗങ്ങള്‍: കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ വ്യക്തിഗത സുരക്ഷിത മാര്‍ഗങ്ങളും സ്വീകരിക്കുക എന്നുളളത് പ്രധാന പ്രതിരോധ മാര്‍ഗമാണ്. കൊതുകു വലകള്‍, കൊതുകുകളെ പ്രതിരോധിക്കുന്ന റിപ്പലന്റുകള്‍, ക്രീമുകള്‍ എന്നിവ ഉപയോഗിക്കുന്നതും ഫലപ്രദമാണ്. കൊതുകു കടി ഏല്ക്കാന് ഇടയുളള സാഹചര്യങ്ങളില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുളളതും ഇളം നിറത്തിലുളളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: