കണ്ണൂര്‍: 5000 സന്നദ്ധ പ്രവര്‍ത്തകരെ അണി നിരത്തി നടത്തുന്ന കാനാംപുഴ നവീകരണ പ്രവര്‍ത്തനത്തോടെ കണ്ണൂര്‍ നിയമസഭാ മണ്ഡലം സമഗ്ര വികസന പരിപാടി കണ്ണൂര്‍ കാലത്തിനൊപ്പം പദ്ധചികള്‍ക്ക് മെയ് 15 ന് തുടക്കമാകും.
ഹരിത കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുഴ നവീകരണം നടക്കുക. ഇതിന്റെ സംഘാടക സമിതി യോഗം 30 ന് വൈകിട്ട് 4 മണിക്ക് താഴെ ചൊവ്വയില്‍ നടക്കും. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ, സായുധ സേനാ പ്രതിനിധികള്‍ പങ്കെടുക്കും. പ്രചരണത്തിന്റെ ഭാഗമായി മെയ് 7ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ കാനാംപുഴയുടെ ഓരങ്ങളിലൂടെ കാല്‍നട യാത്ര സംഘടിപ്പിക്കും. ഹരിതകേരള പദ്ധതിയിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച സന്നദ്ധ പ്രവര്‍ത്തനമായി പുഴ പുനരുജ്ജീവന പ്രവര്‍ത്തനം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അയ്യപ്പന്‍ മലയില്‍ നിന്ന് ചെറിയ തോടായി ഉല്‍ഭവിച്ച് ചേലോറ, മാച്ചേരി, വട്ടപ്പൊയില്‍, പെരുങ്ങളായി, തിലാനൂര്‍, താഴെചൊവ്വ, കുറുവ വഴി കടലായിക്കടുത്ത് കടലില്‍ ചേരുന്ന കാനാംപുഴയ്‌ക്ക് 10 കി.മീ നീളവും, ശരാശരി 6 മീറ്റര്‍ വീതിയുമുണ്ട്. മുണ്ടേരി, എളയാവൂര്‍, ചേലോറ, എടക്കാട് പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
















