തലശ്ശേരി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന്മദേശമായ പിണറായി പാറപ്രത്ത് സിപിഎമ്മില്‍ അഭിപ്രായഭിന്നത. പാറപ്രം ബ്രാഞ്ച് സെക്രട്ടറി വി.ശാന്തകുമാറിനെ സ്ഥാനത്ത് നിന്നും പുറത്താക്കി. സെക്രട്ടറിയുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ കഴിഞ്ഞ ഏതാനും നാളുകളായി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് സെക്രട്ടറിയെ നീക്കം ചെയ്യുന്നതിലേക്ക് എത്തിയത്. നൂറോളം മാര്‍ക്‌സിസ്റ്റ് കുടുംബങ്ങള്‍ സെക്രട്ടറിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ചുകൊണ്ട് മേല്‍ക്കമ്മറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖം രക്ഷിക്കാന്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയ്യാറായത്.
1939 ഡിസംബര്‍ 31 ന് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകള്‍ പിണറായി പാറപ്രത്ത് ഒത്തുചേര്‍ന്ന സമ്മേളനത്തില്‍വെച്ചാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ ബീജാപാവം നടത്തിയത്. അതേ സ്ഥലത്തെ ബ്രാഞ്ച് കമ്മറ്റിക്കകത്താണിപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. രാജ്യത്ത് മുഴുവന്‍ കമ്മ്യൂണിസം തകര്‍ന്നടിയുമ്പോഴും പിണറായിയെന്നും പാറപ്പുറമെന്നും പറഞ്ഞ് ഏറെ അഹങ്കരിച്ചിരുന്ന സിപിഎം ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന പരിതാപകരമായ അവസ്ഥയുടെ വ്യക്തമായ സൂചനയാണ് സിപിഎമ്മിന്റെ ജന്മദേശമായ പാറപ്രത്തെ പാര്‍ട്ടിക്കകത്തെ വിഭാഗീതയ മറനീക്കി പുറത്തുവന്നതിലൂടെ ജനം തിരിച്ചറിയുന്നത്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന്മജില്ലയാണ് കണ്ണൂരെന്നും ഇത് ചെങ്കോട്ടയാണെന്നും ഇവിടെ മറ്റാരെയും വളരാന്‍ അനുവദിക്കില്ലെന്നുമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണ് പിണറായി പാറപ്രത്തെ ബ്രാഞ്ച് കമ്മറ്റിയിലുണ്ടായ കലാപം. കമ്മ്യൂണിസ്റ്റ് ബ്രാഞ്ച് കമ്മറ്റിക്കകത്ത് നിലനിന്നിരുന്ന ആശയക്കുഴപ്പവും ആമാശയക്കുഴപ്പവും പുറംലോകം അറിയാതിരിക്കാന്‍ പാര്‍ട്ടി പഠിച്ച പണി പതിനെട്ടും പയറ്റിനോക്കിയെങ്കിലും കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ സംഘടിച്ച് രംഗത്തിറങ്ങിയപ്പോള്‍ നേതൃത്വം വെട്ടിലാവുകയായിരുന്നു. പിണറായി പാറപ്രത്തെ പാര്‍ട്ടിക്കകത്തുണ്ടായിരിക്കുന്ന സംഭവ വികാസങ്ങള്‍ വരും നാളുകളില്‍ മുഖ്യമന്ത്രിയുടെ നാട്ടില്‍ പാര്‍ട്ടിക്കകത്ത് വലിയ വിവാദങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും വേദിയാകുമെന്നുറപ്പാണ്.
















