കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പരസ്യമായും രഹസ്യമായും പിന്തുണച്ച യുഡിഎഫ് അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വങ്ങള്‍ രംഗത്തെത്തി.
യുഡിഎഫ് ഭരിച്ചിരുന്ന ബ്ലോക്ക് അവിശ്വാസപ്രമേയത്തിലൂടെ എല്‍ഡിഎഫ് നേടിയിരുന്നു. അവിശ്വാസ പ്രമേയത്തിന് പരസ്യമായി പിന്തുണ നല്‍കി യു.ഡി.എഫ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കിയ കേരള കോണ്‍ഗ്രസ്സ് അംഗവും മധുരവേലി ഡിവിഷന്‍ പ്രതിനിധിയുമായ അന്നമ്മ രാജുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
ചില അംഗങ്ങള്‍ അന്നമ്മ രാജുവിന് അനുകൂലമായ നിലപാടെടുത്തതോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തായി. കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി നല്‍കിയ വിപ്പ് അന്നമ്മ ലംഘിച്ചുവെന്ന് പാര്‍ട്ടി നേതൃത്വം കുറ്റപ്പെടുത്തി. അന്നമ്മയെ കൂറുമാറ്റ നിരോധന നിയമപ്രകാരം മെമ്പര്‍ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് പാര്‍ട്ടി. എന്നാല്‍ തനിക്ക് വിപ്പ് ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ നിന്നും അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലാത്തതിനാലാണ് ഇടത്പക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചെതെന്നുമാണ് അന്നമ്മയുടെ നിലപാട്.സ്ഥാനങ്ങള്‍ നേടിയെടുക്കാനല്ല പറഞ്ഞ വാക്കിന് വിലകല്‍പ്പിക്കാത്ത പാര്‍ട്ടി വഞ്ചനയ്‌ക്കെതിരെയുളള പ്രതികരണമാണ് തന്നില്‍ നിന്നും ഉണ്ടായതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.ഇതിനിടെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാന്‍ എത്തിയ കോണ്‍ഗ്രസ്സ് അംഗമായ ജാന്‍സി മാത്യുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഐഎന്‍ടിയുസി മണ്ഡലം കമ്മറ്റി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പാര്‍ട്ടി വിപ്പ് സ്വീകരിക്കുവാന്‍ വിസമ്മതിച്ച ജാന്‍സി പ്രസിഡന്റ് സ്ഥാനം മോഹിച്ച് എല്‍ഡിഎഫിന്റെ പാര്‍ട്ടി ഓഫീസ് കയറിയിറങ്ങിയതായി ഇവര്‍ ആരോപിച്ചു.അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാനാണ് വിപ്പ് അവഗണിച്ച് ജാന്‍സി ബ്ലോക്ക് ഓഫീസിലെത്തിയതെന്നാണ് ഐഎന്‍ടിയുസി നേതൃത്വം പറയുന്നത്.
അവിശ്വാസ പ്രമേയ ദിവസം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കുടുംബത്തോടൊപ്പമെത്തിയ എല്‍ഡിഎഫിനെ പിന്തുണയ്‌ക്കാനല്ലെന്നും മെംബര്‍ എന്നനിലയില്‍ ഡിവിഷനിലെ ആവശ്യത്തിനായിട്ടാണെന്നും ജാന്‍സി മറുപടിയായിപറഞ്ഞു.
















