എരുമേലി: എരുമേലി സര്‍വ്വസിദ്ധി വിനായക ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹമഹായജ്ഞം നാളെ മുതല്‍ 21 വരെ നടക്കും.
പ്രമുഖ യുവ ആത്മീയാചാര്യന്‍ ശബരീനാഥ് ദേവിപ്രിയ ആണ് യജ്ഞാചാര്യന്‍.സപ്താഹ സമിതി ചെയര്‍മാന്‍ വി.എസ്.വിജയന്‍ വെച്ചൂക്കുന്നേലിന്റെ അധ്യക്ഷതയില്‍ പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധി ശശികുമാര്‍ വര്‍മ്മ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും.തുടര്‍ന്ന് നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും.
നാളെ രാവിലെ വിഷുക്കണി ദര്‍ശനം, വൈകിട്ട് നാലിന് എരുമേലി പേട്ടശാസ്താ ക്ഷേത്രത്തിന് മുന്നില്‍ നിന്നും വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ യജ്ഞവേദിയിലേക്ക് സ്വീകരിക്കുന്നത്.തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആദിത്യന്‍ എസ്.പിള്ള, മായ. എസ് , അനിഷ മോഹന്‍ ദാസ് ,അഞ്ജു എസ് .അരവിന്ദ്, ശ്രീലത ആര്‍. പ്രസാദ് എന്നിവരെ ആദരിക്കും.16ന് പൊന്‍കുന്നം വേദവ്യാസ സംസ്‌കൃത അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്‌കൃത പഠനത്തില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് തേജസ്വി പുരസ്‌കാരങ്ങളും വിതരണം ചെയ്യും.
















