ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇറച്ചിക്കോഴി, മുട്ട തുടങ്ങിയവയുടെ വില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ദിവസം വരെ 140 രൂപ വരെ വിലയുണ്ടായിരുന്ന ചിക്കന്റെ ഇന്നലത്തെ വില 90 രൂപയായി കുറഞ്ഞു. ഇനിയും വില കുറയുമെന്നാണു സൂചന.
വില കുറഞ്ഞതോടൊപ്പം വില്പനയും കുറഞ്ഞെന്നു കച്ചവടക്കാര്‍ പറഞ്ഞു. കോഴിവില കുറഞ്ഞെങ്കിലും പലരും ഇറച്ചി വാങ്ങാന്‍ മടി കാണിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. കോഴി കര്‍ഷകരെയും മൊത്ത വിതരണക്കാരെയും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഓരോ ദിവസവും ഇവക്ക് തീറ്റക്കായി വരുന്ന ചെലവ് മൂലം നഷ്ടം വരാതിരിക്കാന്‍ വില കുറച്ച് വില്‍ക്കുകയാണ് ഏക പോംവഴിയെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ചാക്ക് തീറ്റക്ക് 1,350 രൂപയാണ് വില.
കോഴികള്‍ക്ക് ആയിരക്കണക്കിന് രൂപ മുടക്കി തീറ്റ കൊടുക്കുന്നതിനേക്കാള്‍ നല്ലത് കിട്ടുന്ന വിലയ്ക്ക് വില്ക്കുന്നതാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ഇറച്ചിക്കോഴിയുമായത്തെിയ ലോറികള്‍ അതിര്‍ത്തികളില്‍ പിടിച്ചിട്ടിരുന്ന സാഹചര്യമാണുള്ളത്.
അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കോഴി വരവും നേര് പകുതിയായി കുറഞ്ഞിട്ടുള്ളതായി കച്ചവടക്കാര്‍ പറയുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുമളി, ചിന്നാര്‍, കമ്പംമെട്ട് ചെക്പോസ്റ്റുകളിലെല്ലാം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. താറാവിനും ഇപ്പോള്‍ ആവശ്യക്കാര്‍ തീരെയില്ല. മുട്ടക്കച്ചവടത്തിനും വ്യാപക രീതിയില്‍ കുറവ് വന്നിട്ടുണ്ട്. കടകളില്‍ ഒരാഴ്ച മുമ്പ് വരെ എടുത്ത് വെച്ചിരുന്ന മുട്ട കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കച്ചവടം നടന്നിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. അഞ്ച് രൂപ വിലയുണ്ടായിരുന്ന മുട്ടക്ക് 3.50 രൂപ വരെ വിലയിടിഞ്ഞിട്ടുണ്ട്. ജില്ലയില്‍ താറാവ് കര്‍ഷകരും വില്പന കേന്ദ്രങ്ങളും കുറവായതിനാല്‍ വലിയ പ്രതിസന്ധിയുണ്ടായിട്ടില്ല.
ഹോട്ടലുകളിലും ചിക്കന്‍ വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളിലേക്കു കൊണ്ടുപോകുന്ന ഇറച്ചിക്കോഴികളുടെ എണ്ണം നേര്‍പകുതി കുറഞ്ഞെന്നു കോഴിക്കച്ചവടക്കാര്‍ പറയുന്നു. പക്ഷിപ്പനി ഭീതി തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ പലരും മത്സ്യം,മാട്ടിറച്ചി എന്നിവയെ ആശ്രയിച്ച് തുടങ്ങിയതായി ഹോട്ടലുടമകള്‍ വ്യക്തമാക്കി. താറാവ് വിഭവങ്ങളുടെ വില്പന നിര്‍ത്തിവെച്ചതും ഹോട്ടലുടമകള്‍ വ്യക്തമാക്കി. ചിക്കന്‍ വിഭവങ്ങളുടെ വിലയും കുറച്ചിട്ടുണ്ട്. പക്ഷിപ്പനി ഭീതി തട്ടുകടകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.
ശരിയായ പരിശോധന ഇല്ലാതെ പക്ഷികളെ കൊണ്ടുവരുന്നത് ചെക് പോസ്റ്റുകളില്‍ വിലക്കിയിട്ടുണ്ട്. കൂടാതെ പരിശോധന കര്‍ശനമാക്കാന്‍ ആര്‍ടിഒ, പോലീസ് എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലേക്ക് കൊണ്ടുവരുന്ന താറാവ്, കോഴി, മുട്ട എന്നിവയെല്ലാം വെറ്ററിനറി സര്ജന് പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: