കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പ് പണമെറിഞ്ഞ് സാമൂഹ്യസേവനം നടത്തി. ബീവറേജസ് പൂട്ടിക്കാന്‍ സമരത്തിനിറങ്ങി. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കിറ്റെക്‌സ് തീരുമാനിച്ചത്. ഒരു വ്യവസായ സ്ഥാപനം പഞ്ചായത്തു ഭരണം പിടിക്കാനിറങ്ങുന്നുവെന്ന അസാധാരണ സാഹചര്യമാണ് കിഴക്കമ്പലം പഞ്ചായത്തിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
പ്രാദേശികമായി രൂപീകരിച്ച ട്വന്റി 20 എന്ന സംഘടനയുടെ പേരില്‍ സ്വതന്ത്രരെ ഇറക്കിയാണ് കിറ്റെക്‌സ് അങ്കത്തട്ടിലെത്തുന്നത്. പഞ്ചായത്തിലെ മുഴുവന്‍ സീറ്റിനും പുറമെ രണ്ട് ബ്ലോക്ക്, ഒരു ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെയും കിറ്റെക്‌സ് മത്സരിപ്പിക്കും. സംഘടനയിലെ അംഗങ്ങള്‍ക്ക് പകുതി വിലയ്‌ക്ക് സാധനങ്ങള്‍ നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റ്, ചികിത്സയ്‌ക്കും വീട് വെക്കാനും സാമ്പത്തിക സഹായം, പൊതുപരിപാടികള്‍ക്ക് ലക്ഷങ്ങള്‍ സംഭാവന തുടങ്ങിയ സേവനങ്ങളിലൂടെ പണമൊഴുക്കി പഞ്ചായത്ത് ഭരണത്തിന് സമാന്തരമായി സംഘടനയെ വളര്‍ത്തുകയായിരുന്നു.
നിലവില്‍ കോണ്‍ഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്. കിറ്റെക്‌സ് എംഡി സാബു ജേക്കബിന്റെ ബന്ധുവും ജില്ലാ പഞ്ചായത്തംഗവുമായ എം.പി. രാജനാണ് കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവ്. ഇവര്‍ കുടുംബപരമായി അത്ര രസത്തിലല്ല. ഇതും കൂടിയുണ്ട് കിറ്റെക്‌സിന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നില്‍.
പഞ്ചായത്ത് ഭരണത്തിനെതിരായിരുന്നു ട്വന്റി 20 എന്നതിനാല്‍ പ്രതിപക്ഷമായ സിപിഎം ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ ‘സാമൂഹ്യപ്രവര്‍ത്തനങ്ങളെ’ മതിമറന്ന് സഹായിച്ചു. സിപിഎമ്മിന്റെ കൂടി സഹായത്തോടെ പ്രതിപക്ഷത്തിന്റെ ഇടം ട്വന്റി 20 തട്ടിയെടുക്കുകയായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഏറെ നഷ്ടമുണ്ടായതും സിപിഎമ്മിനാണ്. നിരവധി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ട്വന്റി 20യോടൊപ്പം ചേര്‍ന്നു. ബീവറേജസിനെതിരായ സമരത്തിലൂടെ ക്രൈസ്തവ നേതൃത്വത്തെ കൂടെ നിര്‍ത്താനും ട്വന്റി 20ക്ക് കഴിഞ്ഞു. ഭരണവിരുദ്ധ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് കിറ്റെക്‌സിന്റെ പ്രതീക്ഷ. 19 സീറ്റുകളുള്ള പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ട്വന്റി 20ക്കും പുറമെ നാലോളം സീറ്റുകളില്‍ വിജയപ്രതീക്ഷയുമായി ബിജെപിയും മത്സരരംഗത്തുണ്ട്.
















