പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ രണ്ടുദിവസങ്ങള്മാത്രം ബാക്കിനില്‍ക്കേ ഇടതുവലതു മുന്നണികളില്‍ തര്‍ക്കം തുടരുന്നു. ഇരുമുന്നണികളിലും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തിന് പുറമേ മുന്നണിയെ നയിക്കുന്ന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും തര്‍ക്കത്തെത്തുടര്‍ന്ന് പൂര്‍ത്തിയായിട്ടില്ല.
ജില്ലാപഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ഐ ഗ്രൂപ്പ് നേതാക്കളുടെ ബഹിഷ്ക്കരണത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടു. മന്ത്രി അടൂര്‍പ്രകാശ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്, കെപിസിസി സെക്രട്ടറി പഴകുളം മധു തുടങ്ങിയ ഐ ഗ്രൂപ്പ് നേതാക്കളാണ് ഡിസിസി ഓഫീസില്‍ ചേര്‍ന്ന യോഗം ബഹിഷ്ക്കരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഐ ഗ്രൂപ്പിനെ തഴയുകയാണെന്നാണ് ഇവരുടെ ആക്ഷേപം.
ഐ ഗ്രൂപ്പിന് നേരത്തെ നല്‍കിയിരുന്ന സ്ഥാനങ്ങള്പോലും എ ഗ്രൂപ്പ് ഇക്കുറി പിടിച്ചെടുത്തതായി നേതാക്കള്‍ ആരോപിക്കുന്നു. കോന്നി, കൊടുമണ്‍, പന്തളം , പ്രമാടം , ഏനാത്ത് എന്നീ മണ്ഡലങ്ങളില്‍ കഴിഞ്ഞതവണ ഐ ഗ്രൂപ്പിന് നല്‍കിയിരുന്നു. എന്നാല്‍ ഇക്കുറി കൊടുമണ്‍, കോന്നി മണ്ഡലങ്ങള്‍ എ ഗ്രൂപ്പ് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് വഴിവെച്ചത്. എ-ഐ ഗ്രൂപ്പ് തര്‍ക്കംമൂലം ജില്ലാ പഞ്ചായത്തിലേയും ബ്ലോക്ക് പഞ്ചായത്തിലേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തടസ്സപ്പെട്ടു. അതേസമയം ഇന്നലെ പത്തനംതിട്ട ഡിസിസിയില്‍ മന്ത്രി അടൂര്‍പ്രകാശും ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജും തമ്മില്‍ കണ്ടു എന്നതല്ലാതെ മറ്റ് ചര്‍ച്ചകളൊന്നും നടന്നില്ലെന്നാണ് എഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.
സിപിഎം ജില്ലയില്‍ മുമ്പെങ്ങും അനുഭവിക്കാത്തതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വാര്‍ഡുതലം മുതല്‍ നേരിടുന്നത്. ജില്ലാപഞ്ചായത്തിലെ പല ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം തര്‍ക്കത്തിലാണ് അവസാനിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി തര്‍ക്കമുടലെടുത്തിരുന്നു.
അടൂരില്‍ നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും തര്‍ക്കത്തിലായി. തര്‍ക്കത്തിനൊടുവില്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളും രാജിവെയ്ക്കുമെന്ന് ഭീഷണിമുഴക്കി യോഗത്തില്നിന്നിറങ്ങിപ്പോകുകയും ചെയ്തു. ഇതിനിടെ സ്ത്രീ സംവരണ സീറ്റുകളിലേക്ക് യോജിച്ച സ്ഥാനാര്‍ത്ഥികളെ കിട്ടാനും പാര്‍ട്ടി ഏറെ പണിപ്പെടുന്നുണ്ട്. നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളെ മുമ്പെങ്ങും ഇല്ലാത്ത വിധം വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രവണത സിപിഎമ്മിനുള്ളില്‍ വളര്‍ന്നുവരുന്നതായി നേതാക്കള്‍തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: