ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കളെ ജാതീയമായി തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ സിപിഎം ശ്രമം. ഇത്രയും നാള് പലതിന്റേയും പേരില്‍ ആക്ഷേപിക്കുകയും കടന്നാക്രമിക്കുകയും ചെയ്ത ചില സമുദായങ്ങളോട് സ്നേഹപ്രകടനം നടത്തുകയും എസ്എന്‍ഡിപിയെ അക്രമിക്കുകയും ചെയ്താണ് സിപിഎം മുതലെടുപ്പിന് ശ്രമിക്കുന്നത്.
എസ്എന്‍ഡിപിയെ പുതിയ രാഷ്ട്രീയ നിലപാടിന്റെ പേരില്‍ അവഹേളിക്കുകയും മറുഭാഗത്ത് എന്‍എസ്എസ് അടക്കമുള്ള സമുദായ നേതാക്കളെ അതിരുകവിഞ്ഞ് പുകഴ്ത്താനും ഇപ്പോള്‍ സിപിഎം നേതാക്കള്‍ മത്സരിക്കുകയാണ്. ഇതുവരെ സവര്ണജാതിക്കാരെന്നും ജന്മിത്വത്തിന് കുഴലൂതുന്നവരുമെന്ന് അധിക്ഷേപിച്ചിരുന്ന എന്‍എസ്എസ് നേതൃത്വം ഇപ്പോള്‍ സിപിഎമ്മിന് ഉറച്ച മതേതരവാദികളും അഭ്യുദയാകാംക്ഷികളുമായി മാറി. കൂടാതെ കോണ്‍ഗ്രസിന് കുടപിടിക്കുന്നവരെന്ന് പതിവായി ആക്ഷേപിച്ചിരുന്ന കെപിഎംഎസ് പുന്നല വിഭാഗം, ധീവരസഭ, കേരള വിശ്വകര്‍മസഭ എന്നീ സമുദായ സംഘടനകള്‍ക്കും സിപിഎം മതേതര സര്‍ട്ടിഫിക്കറ്റ് നല്കി.
എസ്എന്‍ഡിപി മാത്രമാണ് പ്രശ്നക്കാരെന്നാണ് ഇന്നലെ ആലപ്പുഴയില്‍ നടന്ന പത്രസമ്മേളനത്തില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാവ് ജി. സുധാകരന് എംഎല്‍എ ആരോപിച്ചത്. എന്‍എസ്എസും കെപിഎംഎസും ധീവരസഭയും ഒക്കെ എതിര് നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ എസ്എന്‍ഡിപിയുടെ ഹിന്ദുഐക്യമെന്ന ലക്ഷ്യം വിജയിക്കാന്‍ പോകുന്നില്ലെന്നും സുധാകരന് പറഞ്ഞു. ഹിന്ദുസമുദായ സംഘടനകളെ മതേതരവാദികളെന്നും വര്‍ഗീയവാദികളെന്നും മുദ്രകുത്തി തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പില്‍ എങ്ങിനെയും നേട്ടമുണ്ടാക്കുകയെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വ്യക്തിഹത്യ നടത്തിയും അവഹേളിച്ചും വരുതിക്ക് നിര്‍ത്താനുള്ള സിപിഎം ശ്രമം മറ്റു പ്രബല സമുദായനേതാക്കള്ക്കുമുള്ള മുന്നറിയിപ്പാണ്. പാര്‍ട്ടിക്കും കണ്ണൂര്‍ ലോബിക്കുമെതിരെ പ്രതികരിച്ചാല്‍ ഇത്തരത്തില്‍ വേട്ടയാടുമെന്ന സന്ദേശമാണ് സിപിഎം പരോക്ഷമായി നല്‍കുന്നതെന്നാണ് വിമര്‍ശനമുയരുന്നത്. വെള്ളാപ്പള്ളിക്കും എസ്എന്‍ഡിപി നേതൃത്വത്തിനുമെതിരെ മറ്റുചില സംഘടനകളുടെ പേരില്‍ തുടര്‍ച്ചയായി കണിച്ചുകുളങ്ങരയിലടക്കം സമ്മേളനങ്ങളും പ്രകടനങ്ങളും നടത്താനും സിപിഎം ശ്രമം തുടങ്ങി.
എസ്എന്‍ഡിപിയുടെ താലൂക്ക് യൂണിയന് തലത്തില്‍ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ കഴിയുന്നവരുടെ പട്ടികയും ഇതിനകം സിപിഎം തയ്യാറാക്കിക്കഴിഞ്ഞു. ചിലയിടങ്ങളില്‍ ഇവരെ നിയോഗിച്ച് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകലമായി എസ്എന്‍ഡിപി പ്രവര്‍ത്തനം വഴിതിരിച്ചു വിടുന്നതില്‍ സിപിഎം വിജയം നേടിക്കഴിഞ്ഞു. കാലങ്ങളായി വെറും വോട്ടുകുത്തികളായി മാത്രം സിപിഎം കണ്ടിരുന്ന കെപിഎംഎസും എസ്എന്‍ഡിപിയും പാര്‍ട്ടിയുടെ വഞ്ചന തിരിച്ചറിഞ്ഞ് പുതിയ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചതോടെ സമനില നഷ്ടപ്പെട്ട പോലെയാണ് പല സിപിഎം നേതാക്കളും പത്രസമ്മേളനത്തിലും പൊതുയോഗങ്ങളിലും സംസാരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: