മുഹമ്മ (ആലപ്പുഴ): ഇടതുമുന്നണി സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഘടക കക്ഷികളുടെ ചിഹ്നം ഒഴിവാക്കിയത് വിവാദമാകുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ പേരില്‍ പുറത്തിറക്കിയിരിക്കുന്ന അഭ്യര്‍ത്ഥനയുടെ മുഖചിത്രത്തില്‍ സിപിഎമ്മിന്റെ ചിഹ്നമായ ചുറ്റിക അരിവാള്‍ നക്ഷത്രം മാത്രം ആലേഖനം ചെയ്തതാണ് വിവാദമായത്. ആറുപേജുള്ള ഈ അഭ്യര്‍ഥന സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയ്ക്കുും വിതരണത്തിനായാണ് ഇറക്കിയിരിക്കുന്നത്. ഓരോ ജില്ലകളിലും അഭ്യര്‍ഥനയുടെ കെട്ടുകള്‍ നേരത്തെ തന്നെ എത്തിച്ചിരുന്നു. എന്നാല്‍ പത്രികയില്‍ ആലേഖനം ചെയ്ത ചിഹ്നം ശ്രദ്ധയില്‍പ്പെട്ട ആലപ്പുഴയിലെ സിപിഐ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന വിതരണം ചെയ്യാന്‍ തയ്യാറായിട്ടില്ല.
തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതിന് പകരം മുന്നണി ഐക്യം തകര്‍ക്കുന്ന തരത്തിലാണ് പ്രകട പത്രിക പുറത്തിറക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സിപിഐ അടക്കമുള്ള ഘടക കക്ഷികള്‍ വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോള്‍ ഘടക കക്ഷികളെ അവഗണിച്ച് മുന്നോട്ടുപോയാല്‍ അത് സിപിഎമ്മിന് തന്നെ കനത്ത തിരിച്ചടിയാകുമെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു.
സംസ്ഥാനത്തുടനീളം എല്‍ ഡി എഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ സിപിഎം-സി പി ഐ കക്ഷികള്‍ തമ്മില്‍ പലയിടത്തും അസ്വാരസ്യം നിലനിന്നിരുന്നു. ചിലയിടങ്ങളില്‍ ഇവര്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. സിപിഎം-സിപിഐ അനൈക്യം മറനീക്കിപുറത്തുവന്നിരിക്കുന്നതിന്റെ സൂചനയായാണ് ചിലര്‍ ഇതിനെ കാണുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഒരു കക്ഷികളുടെ ചിഹ്നവും ആലേഖനം ചെയ്യേണ്ടതില്ലെന്നിരിക്കെ സിപിഎമ്മിന്റെ ചിഹ്നം മാത്രം പ്രസിദ്ധീകരിച്ചത് വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: