പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മന്ത്രിയുടെ മണ്ഡലം എന്ന അവകാശവാദം ഉന്നയിക്കാവുന്നത് കോന്നിയ്ക്കാണ്. മന്ത്രി അടൂര്‍പ്രകാശിന്റെ തട്ടകമായ ഇവിടെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് മേല്‍ക്കൈ നേടാനുള്ള തന്ത്രങ്ങളുമായി മന്ത്രിതന്നെ മണ്ഡലത്തില്‍ സജീവമാണ്. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ എ, ഐ ഗ്രൂപ്പ് തര്‍ക്കം സ്ഥാനാര്‍ത്ഥി നിര്ണ്ണയംമുതല് രൂക്ഷമായ ഇവിടെ മന്ത്രിയുടെ സ്ഥിരസാന്നിദ്ധ്യവും ഇക്കുറി യുഡിഎഫിന്റെ രക്ഷയ്ക്കെത്തുമെന്ന് കോണ്‍ഗ്രസുകാര്‍ക്കും ഉറപ്പില്ല.
ഈ മണ്ഡലത്തില്‍ ജില്ലാപഞ്ചായത്തിലെ കോന്നി, ചിറ്റാര്‍, പ്രമാടം, മലയാലപ്പുഴ, കൊടുമണ്‍ എന്നീ ഡിവിഷനുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഈ ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഐ ഗ്രൂപ്പിന് പ്രാമുഖ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് മന്ത്രി അടൂര്‍പ്രകാശ് ഡിസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് വലിയ വിവാദമായിരുന്നു. കെപിസിസി പ്രസിഡന്റടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ പിന്നീട് തിരുവനന്തപുരത്താണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തീകരിച്ചത്. കോന്നി, ചിറ്റാര്‍ ഡിവിഷനുകളില്‍ മന്ത്രി പൊരുതിനേടി ഐ ഗ്രൂപ്പിന് സീറ്റുകളുറപ്പിച്ചപ്പോള്, പ്രമാടത്ത് ഇരുഗ്രൂപ്പിന്റെയും പൊതു സ്ഥാനാര്‍ത്ഥിയായി എ ഗ്രൂപ്പെത്തി മലയാലപ്പുഴയില്‍ ഐ ഗ്രൂപ്പില്‍ നിന്നും സീറ്റ് എ ഗ്രൂപ്പ് പിടിച്ചെടുത്തു. കൊടുമണ്ണിലും എ ഗ്രൂപ്പാണ് സീറ്റുറപ്പിച്ചത്.
മണ്ഡലത്തിലുടനീളം സാന്നിദ്ധ്യമുണ്ടെന്ന് മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും കോന്നി, ചിറ്റാര്‍ ഡിവിഷനുകളിലാണ് അടൂര്‍പ്രകാശ് അഭിമാനപ്പോരാട്ടം നടത്തുന്നത്. 1996 മുതല്‍ കോന്നിയെ പ്രതിനിധീകരിച്ച അടൂര്‍പ്രകാശ് മണ്ഡലത്തില്‍ താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പിന്റെ തുറുപ്പുചീട്ടായി പ്രയോഗിക്കുന്നത്. കുടുംബസദസ്സുകളില്‍ മാത്രമല്ല വ്യക്തിപരമായി ഓരോരുത്തരേയും കക്ഷിഭേദമന്യേ ഫോണില്‍ വിളിച്ചും മന്ത്രി വോട്ട് തേടുന്നതായി ഇതര കക്ഷികള്‍ പറയുന്നു.
നിലവിലുള്ള ജില്ലാ പഞ്ചായത്തില്‍ ചിറ്റാര്‍ ഒഴികെയുള്ള ഡിവിഷനുകളില്‍ യുഡിഎഫ് ആണ് വിജയിച്ചത്. ഈ ആത്മവിശ്വാസം യുഡിഎഫ് പ്രകടിപ്പിക്കുമ്പോള്‍ ജില്ലാപഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണപരാജയമാണ് എല്‍ ഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്.
വികസനരാഷ്ട്രീയത്തിന്റെ മുദ്രാവാക്യവുമായാണ് ബിജെപി ഇവിടെ കരുത്തരായ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ കാവല്കോട്ടകളില് നിന്നുപോലും ബിജെപിയിലേക്ക് ജനങ്ങള്‍ അണിചേര്‍ന്നതും, യുവതലമുറയുടെ പ്രതീക്ഷയായി ബിജെപി മാറിയതും, എസ് എന്ഡിപിയടക്കമുള്ള സമുദായ സംഘടനകളുടെ നിലപാടുകളും ബിജെപിയ്ക്ക് മന്ത്രിമണ്ഡലമെന്ന കടമ്പ കടക്കാന്‍ സഹായിക്കും എന്ന ഉറച്ചപ്രതീക്ഷയിലാണ് നേതാക്കളും പ്രവര്‍ത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: