തൃശൂര്‍: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കോര്‍പ്പറേഷനുകളില്‍ ഒന്നായ തൃശൂരില്‍ പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് ഉടുപ്പൂരിയവരും, പകപോക്കാനായി വിമതരും കച്ച മുറുക്കി. ശക്തന്റെ ആകാശമേലാപ്പില്‍ പൂരനാളില്‍ വെടിക്കോപ്പുകള്‍ പൊട്ടുന്നപൊലെ ഇത്തവണ കോണ്‍ഗ്രസ് പൊട്ടിച്ചിതറുമെന്നാണ് ഷര്‍ട്ടൂരി പ്രതിഷേധിച്ച യൂത്തന്മാര് പറയുന്നത്.
കെപിസിസി നിര്‍ദ്ദേശം കാറ്റില്‍പറത്തി യൂത്ത് കോണ്‍ഗ്രസുകാരെ മാറ്റി വര്‍ഷങ്ങളായി കൗണ്‍സില്‍ തങ്ങളുടെ കുത്തകയായി കൊണ്ടു നടക്കുന്നവരെ പാഠം പാഠിപ്പിക്കാനാണ് യൂത്ത്കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നാമമാത്ര സീറ്റുകളാണ് യൂത്തന്മാര്ക്ക് നല്‍കിയത്. അതും തോല്ക്കാന് സാധ്യതയുള്ളതും. സീറ്റ് നിഷേധിക്കപ്പെട്ടവര്‍ വിമതരായി രംഗത്ത് ഇല്ലെങ്കിലും തങ്ങളെ നോവിച്ചവരെ വെറുതെ വിടാന്‍ ഒരുക്കമല്ലെന്നാണ് ഇവരുടെ പക്ഷം.
നാളുകളായി മത്സരിക്കാന്‍ ഡിവിഷനുകളില്‍ തയ്യാറെടുത്തവരെ തള്ളിമാറ്റി പുറത്ത് നിന്നുള്ളവര്‍ വന്നതോടെ പ്രതിഷേധമുയര്‍ത്തി മത്സരരംഗത്ത് വന്ന വിമതര്‍ പ്രചാരണ രംഗത്ത് ഒട്ടും പിന്നിലല്ല. ഗാന്ധിനഗര്‍, ചിയ്യാരം സൗത്ത്, ചേലക്കോട്ടുകര, ചേറൂര്, രാമവര്‍മപുരം, പടവരാട്, കൂര്‍ക്കഞ്ചേരി, കാര്യാട്ടുകര, സിവില്‍ സ്റ്റേഷന്, പുതൂര്‍ക്കര. പള്ളിക്കുളം, പൂത്തോള്‍ തുടങ്ങിയ ഡിവിഷനുകളിലാണ് കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തി വിമതര്‍ സജീവമായിട്ടുള്ളത്.
ഗാന്ധിനഗറില്‍ കോണ്‍ഗ്രസിന്റെ രണ്ടു സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ മത്സര രംഗത്തുണ്ട്. മേയര്‍ രാജന്.ജെ.പല്ലന്റെ സിറ്റിംഗ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബുവിനെതിരേ വെല്ലുവിളിയുമായി കൗണ്‍സിലര്‍ പ്രൊഫ. അന്നം ജോണാണ്. സുബി ചേറൂരില്‍നിന്നും അന്നം ജോണ്‍ ചെമ്പൂക്കവില്നിന്നുമാണു കോര്പറേഷന് കൗണ്‍സിലിലെത്തിയത്. സിറ്റിംഗ് കൗണ്‍സിലര്‍ കോണ്‍ഗ്രസിന്റെ വിമതനായി മല്‍സരിക്കുന്നതാണ് ചേലക്കോട്ടുകരയിലെ മല്‍സരത്തെ ശ്രദ്ധേയമാക്കുന്നത്. യുഡിഎഫ് മണ്ഡലമായ ഇവിടെ സിറ്റിംഗ് കൗണ്‍സിലര്‍ കിരണ്‍.സി.ലാസര്‍ ആണ് കോണ്‍ഗ്രസ് വിമതനായി മല്‍സരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ടി.ആര്. സന്തോഷ് ആണ്. കോണ്‍ഗ്രസിന്റെതന്നെ മുന്‍ കൗണ്‍സിലര്‍ തോമസ് തണ്ടാശേരിയും മല്‍സരരംഗത്തുണ്ട്. ചിയ്യാരം സൗത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് കൗണ്‍സിലര്‍ പി.എ. വര്‍ഗീസിനെതിരേ കോണ്‍ഗ്രസ് പ്രവര്ത്തകന് കുട്ടിറാഫിയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ രണ്ടു വീതം വിമതര്‍ പോരാടുന്ന സ്ഥലങ്ങളെന്ന നിലയിലാണ് ചേറൂരും പുതൂര്‍ക്കരയും ശ്രദ്ധേയമാകുന്നത്. ചേറൂരില്‍ എം.പി. ഹരിദാസനും ആലത്ത് ഗോപിയുമാണ് വിമതര്‍.
കേരള കോണ്‍ഗ്രസ് എം എത്സരിക്കുന്ന പുതൂര്‍ക്കര ഡിവിഷനില്‍ മുന്‍ കൗണ്‍സിലര്‍ മഠത്തില്‍ രാമന്‍കുട്ടിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജോസ് പുതൂര്‍ക്കരയും വിമതരായി മല്‍സരിക്കുന്നു. കുര്‍ക്കഞ്ചേരിയില്‍ സി.എം. അമ്പിളി യുഡിഎഫിന് വേണ്ടി മത്സരിക്കുമ്പോള്‍ വിമതയായി മല്‍സരിക്കുന്നത് രാജലക്ഷ്മി തയ്യിലാണ്. സിവില്‍ സ്റ്റേഷനില്‍ കോണ്‍ഗ്രസിന്റെ എ പ്രസാദിനെതിരേ ജോസഫ് മുണ്ടശേരി വിമതനായി രംഗത്തുണ്ട്.
എല്‍ഡിഎഫില്‍ വിമത പ്രശ്നത്തിന് പുറമേ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളും തലവേദന സൃഷ്ടിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന പൂത്തോളില്‍ എല്‍ഡിഎഫിനു വിമതനുണ്ട്. സിഎംപിയുടെ പി. സുകുമാരനാണ് വിമതനായത്. കോര്‍പ്പറേഷനില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: