തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഏകമന്ത്രിയാണ് സി.എന്‍.ബാലകൃഷ്ണന്‍. വടക്കാഞ്ചേരി മണ്ഡലത്തെ പ്രതിനിധികരിക്കുന്ന മന്ത്രിക്ക് പക്ഷേ തന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ചാവക്കാട്ടെ ഹനീഫയുടെ കൊലപാതകം, മന്ത്രിയുടെ വകുപ്പില്‍പ്പെട്ട കണ്‍സ്യുമര്‍ ഫെഡിലെ അഴിമതി, മരണമണി മുഴങ്ങുന്ന കേരളത്തിലെ ഏക സഹകരണ സ്പീന്നീംഗ് മില്ലിന്റെ പ്രതിസന്ധി, വാഴാനി ടുറിസം കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ, കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷന്‍ തുറന്നു കൊടുക്കാത്ത പ്രശ്‌നം, ഗതാഗത കുരുക്ക് തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് മന്ത്രിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നത്.
മുണ്ടത്തിക്കോട്,വടക്കാഞ്ചേരി പഞ്ചായത്തുകളെ ഒന്നിച്ച് രൂപികരിച്ച വടക്കാഞ്ചേരി നഗരസഭ, കോലഴി,അവണൂര്‍,കൈപ്പറമ്പ്,തെക്കുംകര,അവണൂര്‍, മുളംകുന്നത്ത്കാവ്,അടാട്ട് എന്നിവ ഉള്‍പ്പെട്ടതാണ് മന്ത്രി മണ്ഡലം. ഇതില്‍ മുളംകുന്നത്ത്കാവ് ഒഴിച്ചുള്ള എല്ലായിടത്തും യുഡിഎഫാണ് ഭരണം. എന്നാല്‍ ഇത്തവണ യുഡിഎഫിന്റെ മേധാവിത്വം കൈവിട്ടു പോകുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. ഗ്രൂപ്പ് പോരില്‍ ചാവക്കാട്ടെ ഹനീഫ കൊലചെയ്യപ്പെട്ടതിന് പിന്നില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപണം ഉന്നയിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍തന്നെയാണ്. ഇത് മന്ത്രി മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാണ്. ഹനീഫ കൊല്ലപ്പെട്ട ശേഷം ഇതുവരെയും ജില്ലയിലെ ഏകമന്ത്രിയായ സി.എന്‍.ബാലകൃഷ്ണന്‍ വീട് സന്ദര്‍ശിക്കാത്തത് തന്നെയാണ് ഏറ്റവും ദുരൂഹത ഉണര്‍ത്തുന്നത്.
കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ വാഴാനി ടുറിസം പദ്ധതിയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ തുലച്ചത്. ഇനിയും അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പോലും മന്ത്രിക്ക് സാധിച്ചിട്ടില്ല. കൊടുങ്ങല്ലൂര്‍-വടക്കാഞ്ചേരി സംസ്ഥാന പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പോലും മന്ത്രിക്ക് സാധിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ചില കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തത് ഒഴിച്ചാല്‍ മന്ത്രി ഇതുവരെയും മണ്ഡലത്തില്‍ സജീവമായിട്ടില്ല. വിമത ശല്യവും ഗ്രൂപ്പ് പോരും ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. കെപിസിസി നേതൃത്വവും ഡിസിസിയും മന്ത്രിയുമെല്ലാം താക്കീത് നല്‍കി വിമതശല്യത്തിന് മൂര്‍ച്ച കുറയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. തെക്കുംകര പഞ്ചായത്തില്‍ പല വാര്‍ഡുകളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മുളംകുന്നത്ത്കാവ്, അടാട്ട്, കോലഴി, അവണൂര്‍ പഞ്ചായത്തുകളിലും ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.
















