പാലക്കാട്: തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയിട്ടും വിമതപ്പേടിയില്‍ വിറച്ച് മുന്നണികള്‍. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് വിമതര്‍ അതത് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും തലവേദനയായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഏതാനും വിമത സ്ഥാനാര്‍ഥികളെ പിന്‍വലിക്കുകയും ചിലര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തെങ്കിലും മുന്നണിയുടെ പ്രചാരണത്തില്‍ അത് പ്രതിഫലിച്ചിട്ടില്ല. സിപിഎമ്മിലാണ് ഇക്കുറി വിമതരുടെ ശക്തി കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നത്.
ജില്ലയിലെ മിക്കയിടങ്ങളിലും വിമതരുണ്ടെങ്കിലും നഗരസഭകളിലാണ് ഇത് മുന്നണികളെ കൂടുതല്‍ ഉലയ്ക്കുന്നത്. പാലക്കാട് നഗരസഭ കള്ളിക്കാട് 37-ാം വാര്‍ഡില്‍ സിപിഎം നേതൃത്വം ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെന്ന പരാതി പരിഹരിക്കാന്‍ ഇതുവരെസാധിച്ചിട്ടില്ല. മറിയ കാജാഹുസൈനെ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎമ്മിന്റെ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു. സംസ്ഥാന നേതാക്കള്‍ ഇടപെട്ട് പ്രതിഷേധം നിയന്ത്രിച്ചെങ്കിലും പ്രവര്‍ത്തകരെ പ്രചാരണത്തില്‍ സജീവമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. വാര്‍ഡില്‍ സ്വതന്ത്രയായി മത്സരിക്കുന്ന ജാസ്മിന് സലാമിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭകളില്‍ കഴിഞ്ഞതവണ സിപിഎമ്മിന് ഭരണം നഷ്ടമാക്കിയത് വിമതരാണ്. ഷൊര്‍ണൂരില്‍ എം.ആര്. മുരളിയുടെ നേതൃത്വത്തിലുള്ള ജനകീയ വികസനസമിതിയാണ് ഇടതിന് തിരിച്ചടിയായത്. ഒറ്റപ്പാലത്തും വിമതരുടെ ശക്തിയില്‍ പാര്‍ട്ടി വീണു. ഇക്കുറി മുരളിയും കൂട്ടരും മടങ്ങിയെത്തിയെങ്കിലും വിമത അണികള്‍ ശാന്തരായിട്ടില്ല.
ഒറ്റപ്പാലത്ത് 36 വാര്‍ഡുകളില്‍ 20ലും സിപിഎമ്മിന് വെല്ലുവിളിയുയര്‍ത്തി വിമതസ്ഥാനാര്‍ഥികളുണ്ട്.
കഴിഞ്ഞ ഭരണസമിതിയിലെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ. മോഹനന്, കൗണ്‍സിലര്‍മാരായ എ.പി. ലത, സി. കുട്ടിശങ്കരന്, മുന്‍ സ്ഥിരംസമിതി അധ്യക്ഷന്മാരായിരുന്ന എ.പി. ഉമൈബാന്‍, ഇ. പ്രഭാകരന് തുടങ്ങിയവര്‍ വിമതസഖ്യത്തിലെ പ്രമുഖരാണ്. കഴിഞ്ഞതവണ 20 വിമതര്‍ മത്സരിച്ചതില്‍ ഏഴുപേര്‍ ജയിച്ചിരുന്നു.
ഒറ്റപ്പാലത്ത് യുഡിഎഫിലും പ്രശ്നങ്ങള്‍ രൂക്ഷമാണ്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നേതാക്കളെ പൂട്ടിയിട്ടതുള്‍പ്പെടെയുള്ള നാടകങ്ങള്‍ അരങ്ങേറിയ ശേഷമായിരുന്നു അവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. പത്രിക സമര്‍പ്പിക്കേണ്ട അവസാന നിമിഷത്തിലാണ് മുഴുവന്‍ പേരുകള്‍പോലും പ്രഖ്യാപിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എന്നിവരെയെല്ലാം യുഡിഎഫ് കളത്തിലിറക്കിയിട്ടുണ്ട്. പുതിയ രാഷ്ട്രീയസാഹചര്യങ്ങളില്‍ ഒറ്റപ്പാലത്ത് കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.
അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്തിലും ഇടതിനും വലതിനും ശക്തമായ വിമത ഭീഷണിയുണ്ട്. ഇവിടെ ചിറ്റൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കണ്ണപ്പന് കടുത്ത വെല്ലുവിളിയുമായി സ്വതന്ത്രചിഹ്നത്തില്‍ കോണ്‍ഗ്രസ് വിമതന് ദിപിന് കുമാറും എല്‍ഡിഎഫ്സ്ഥാനാര്‍ഥി വേലുസ്വാമിക്ക് ഭീഷണിയുയര്‍ത്തി സ്വതന്ത്രന് ഷൈന്‍ എസ്. ബാബുവും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: